രാംകുമാറിന്റെ മരണം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ; മരണത്തിനു പിന്നില്‍ രാംകുമാറിന് ജാമ്യം ലഭിക്കുന്നത് ഭയന്നവര്‍?

രാംകുമാറിന്റെ മരണം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ

ചെന്നൈ| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (19:29 IST)
സ്വാതി കൊലക്കേസ് പ്രതിയെന്‍ ആരോപിക്കപ്പെടുന്ന രാംകുമാര്‍ ഞായറാഴ്ചയാണ് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത പുറംലോകം അറിഞ്ഞത്. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ വാര്‍ത്ത ചോദ്യം ചെയ്യപ്പെട്ടു. ഇലക്‌ട്രിക് വയര്‍ കടിച്ച് രാംകുമാര്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍, ഇത് ആത്മഹത്യയല്ലെന്നും പൊലീസ് നടത്തിയ കൊലപാതകമാണെന്നുമുള്ള കാര്യത്തില്‍ രാംകുമാറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു നിന്നു. രാംകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുവന്ന റോയപ്പേട്ട ആശുപത്രിക്കു മുമ്പില്‍ അവര്‍ തടിച്ചു കൂടി, റോഡ് ഉപരോധിച്ചു, സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

സ്വാതി കൊലക്കേസില്‍ രാംകുമാറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാന്‍ ഇരിക്കേയാണ് ജയിലില്‍ രാംകുമാറിന്റെ മരണം നടന്നത്. പ്രഗത്ഭരായ അഭിഭാഷകരും ജയിലവകാശ പ്രവര്‍ത്തകരും ഇതിനെ അങ്ങേയറ്റം അവിശ്വസനീയമായ ഒരു വാര്‍ത്തയായാണ് കണ്ടത്. കാരണം, ഒരു പ്രതിക്ക് ഇത്ര നിസ്സാരമായി ആത്മഹത്യ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ ജയില്‍ പിന്നെ എന്തു ജയിലാണ് എന്നതു തന്നെയാണ് ചോദ്യം. അതുകൊണ്ടാണ് രാംകുമാറിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാംകുമാറിന്റെ ബന്ധുക്കള്‍ക്കൊപ്പം പൊതുജനവും വിശ്വസിക്കുന്നത്.

സ്വാതി കൊലക്കേസ് തുടക്കം മുതല്‍ തന്നെ ശരിയായ വഴിയിലൂടെ ആയിരുന്നില്ല നീങ്ങിയിരുന്നത് എന്നത് പകല്‍ പോലെ സത്യമായ കാര്യമാണ്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെട്ടേറ്റ് മരിച്ചിട്ടും വെട്ടിയ ആളെ കണ്ടവരോ തിരിച്ചറിഞ്ഞവരോ ഉണ്ടായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാംകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. രാംകുമാറിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍, വീട്ടിലെത്തിയ പൊലീസുകാര്‍ രാംകുമാറിന്റെ മുറിയില്‍ കയറുകയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും ചെയ്തു എന്നാണ് അന്ന് വീട്ടുകാര്‍ പറഞ്ഞത്. കഴുത്തില്‍ മുറിവേറ്റ രാംകുമാറിന് മാധ്യമങ്ങളോട് സംസാരിക്കാനോ കാര്യങ്ങള്‍ പറയാനോ കഴിഞ്ഞില്ല.

അങ്ങനെ ജയിലില്‍ അടയ്ക്കപ്പെട്ട രാംകുമാറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കേ ആയിരുന്നു ജയിലില്‍ വെച്ച് ഇയാളുടെ മരണം. ജാമ്യം ലഭിച്ച് രാംകുമാര്‍ പുറത്തുവന്നാല്‍ അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് യഥാര്‍ത്ഥപ്രതികള്‍ തിരിച്ചറിഞ്ഞിരിക്കണം. എന്നാല്‍, അങ്ങനെയൊരു പിഴവ് ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി ചിന്തിച്ച ബുദ്ധിയാണ് രാംകുമാറിന്റെ മരണത്തിനു പിന്നിലെന്നാണ് സംശയിക്കേണ്ടത്. കേസിലെ ഒരേയൊരു പ്രതിയായ രാംകുമാര്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതോടെ കേസ് അവസാനിക്കുന്ന ഘട്ടത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

സ്വാതി കൊലക്കേസിനു പിന്നാലെ സ്വാതിയെ ആര് കൊന്നു, എന്തിനു കൊന്നു തുടങ്ങി ഒട്ടേറെ ഊഹാപോഹ കഥകള്‍ പ്രചരിച്ചിരുന്നു. സ്വന്തം വീട്ടുകാര്‍ തന്നെയാണ് സ്വാതിയുടെ മരണത്തിന് കാരണക്കാര്‍ എന്നാണ് ഇതിലൊന്ന്. ബിലാല്‍ എന്ന് പേരുള്ള ഒരു മുസ്ലിം പയ്യനുമായി ബ്രാഹ്‌മണ സമുദായംഗമായ സ്വാതി അടുപ്പത്തിലായിരുന്നെന്നും ഈ അടുപ്പം വിവാഹത്തിലേക്ക് എത്തുന്നതില്‍ വീട്ടുകാര്‍ക്ക് ഉള്ള എതിര്‍പ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവുമില്ലാത്ത ഒരു റിപ്പോര്‍ട്ട്. ബിലാല്‍ എന്ന പയ്യന്‍ ഐ എസ് ഐ എസ് ബന്ധം ഉള്ള പയ്യനായിരുന്നെന്നും സ്വാതിക്കും ഇക്കാര്യങ്ങളില്‍ അറിവുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇതാണ് സ്വാതിയുടെ കൊലപാതകത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നുമാണ് ആരോപണം.

എന്നാല്‍, കേസില്‍ പ്രതിയെന്ന് പറഞ്ഞ് പൊലീസ് പിടികൂടിയ ഒരേയൊരു പ്രതി ജയിലില്‍ വെച്ച് അവസാനിച്ചതോടെ യഥാര്‍ത്ഥപ്രതികള്‍ നിയമത്തിന്റെ മുന്നില്‍
നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞു. സ്വാതിയുടെ മരണവും രാംകുമാറിന്റെ മരണവും ഉത്തരമില്ലാത്ത ചോദ്യമായി പൊതുസമൂഹത്തിനു മുന്നില്‍ ശേഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :