ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2019 (11:58 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅയിലെ വിദ്യാർത്ഥികളെ പൊലീസുകാർ ലാത്തികൊണ്ട് തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ഏവരും ശ്രദ്ധിച്ചത് ആ ചുവന്ന കുപ്പായക്കാരനെയാണ്. പൊലീസുകാർക്കൊപ്പം ലാത്തിയും പിടിച്ച് വിദ്യാർത്ഥികളെ ദയാദാക്ഷിണ്യമില്ലാതെ തല്ലുന്ന ആ ചുവന്ന കുപ്പായക്കാരൻ ആരെന്ന് മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ചോദിക്കുന്നു.
മുഖം മറച്ച് ജാമിയയിലെ വിദ്യാര്‍ഥികളെ പൊലീസിനൊപ്പം തല്ലിച്ചതച്ച യൂണിഫോമില്ലാത്ത അയാൾക്കായുള്ള അന്വേഷണം സോഷ്യൽ മീഡിയ നടത്തിക്കഴിഞ്ഞു. അയാള്‍ ആരെന്നു ആരെങ്കിലും പറഞ്ഞു തരുമോയെന്ന് കട്ജു ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇയാളുടെ ദൃശ്യങ്ങള്‍ ഉണ്ട്.
തങ്ങളെ തല്ലിച്ചതച്ച സംഘത്തില്‍ പൊലീസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഇവരുടെ സംശയത്തിന് ഊന്നൽ നൽകുന്ന പരാമർശങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ ലഭ്യമാകുന്നത്.