'വ്യാപം' നിയമന തട്ടിപ്പ്; അന്വേഷണത്തിന് 40 അംഗ സിബിഐ സംഘം

 വ്യാപം' നിയമന തട്ടിപ്പ് , സിബിഐ , മദ്ധ്യപ്രദേശ് പൊലീസ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 13 ജൂലൈ 2015 (13:18 IST)
'വ്യാപം' നിയമന തട്ടിപ്പും തുടർന്നുണ്ടായ ദുരൂഹമരണങ്ങളും അന്വേഷിക്കാൻ നാൽപ്പത് അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐപിഎസ് ഓഫീസർ ആർപി അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഫയലുകൾ വിശകലനം ചെയ്യാനും അന്വേഷണത്തിന് എത്ര ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന് കണ്ടെത്താനുമാണ് ടീമിനെ രൂപീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മദ്ധ്യപ്രദേശ് പൊലീസിലും പ്രത്യേക ദൗത്യ സേനയിലും നിന്ന് അന്വേഷണ ചുമതല ഏറ്റെടുത്ത ശേഷം സംഘം ഇന്ന് ഭോപ്പാൽ സന്ദർശിക്കും. മദ്ധ്യപ്രദേശ് ലോക്കൽ പൊലീസിൽ നിന്നും അഴിമതിയുമായി ബന്ധപ്പെട്ട് മരണം ഉണ്ടായ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഫയലുകൾ പരിശോധിച്ച് വ്യാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതായുണ്ടോ എന്നതിനെക്കുറിച്ച് സംഘം പഠിച്ച് സി.ബി.ഐ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും.

എസ്‌ടിഎഫ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ പുരോഗതിയും കണ്ടെത്തലുകളും സിബിഐ സംഘം ചോദിച്ചറിയും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് വ്യാപം കുംഭകോണം അന്വേഷണം സിബിഐക്ക് വിട്ടത്.

മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥരോടൊപ്പം ഏജൻസിയുടെ പ്രത്യേക ക്രൈം യൂണിറ്റിലെ പൊലീസ് നായയുടെ സേവനവും ഉണ്ടാകും. വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് 46 മരണങ്ങളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത ആഴ്ചയോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഓഫീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :