മുംബൈ|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (08:30 IST)
മഹാരാഷ്ട്ര ഹരിയാന, നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയിലെ 288 ഉം ഹരിയാനയിലെ 90 ഉം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 91,000 പോളിംഗ് സ്‌റ്റേഷനുകലിലും ഹരിയാനയില്‍ 16,000 പോളിംഗ് സ്‌റ്റേഷനുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചവാന്‍ ,ഭൂപീന്ദര്‍ സിംഗ് ഹൂഡ, പങ്കജ മുണ്ടേ, അജിത് പവാര്‍, അഭയ് സിംഗ് ചൗട്ടാല തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
സഖ്യങ്ങള്‍ തകര്‍ന്നതിനാല്‍ ചതുഷ്‌കോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയിലും, ബിജെപിയുടെ സജീവ സാന്നിധ്യം വഴി ത്രികോണ മത്സരം നടക്കുന്ന ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ടതാകും. ശിവസേന ബിജെപിയുമായും എന്‍സിപി കോണ്‍ഗ്രസ്സുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാക്കുന്നത്. ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.
ഹരിയാനയില്‍ 1351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍ 1699 സ്വതന്ത്രരുള്‍പ്പെടെ 4119 സ്ഥാനാര്‍ഥികള്‍ ജനവിധിതേടുന്നുണ്ട്. 287 സീറ്റുകളില്‍ കോണ്‍ഗ്രസും 280 സീറ്റുകളില്‍ ബിജെപി യും ശിവസേന 282 സീറ്റുകളിലും മത്സരിക്കുന്നു. എന്‍സിപി 278 ഉം എംഎന്‍എസ് 219 ഉം സീറ്റുകളിലുമാണ് മത്സരിക്കുന്നത്.