അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (15:20 IST)
കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ എഫ്‌ഐആറില്‍ ഗുരുതരമായ ആരോപണങ്ങള്‍. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം 4 മണിക്കൂര്‍ വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
സ്വന്തം പാര്‍ട്ടിയുടെ ശക്തിപ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യം വെച്ചത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും കൂടുതല്‍ ആളുകളെ എത്തിക്കാനുമായി വിജയ് റോഡ് ഷോ നടത്തി. അനുമതിയില്ലാതെ പലയിടത്തും റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാര്‍ട്ടി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവയെല്ലാം അവഗണിച്ചു.
പരിപാടി വൈകിയാല്‍ ആളുകള്‍ അനിയന്ത്രിതമായി എത്തുന്ന സ്ഥിതിയുണ്ടാകുമെന്നും വിജയ് റോഡില്‍ ഇറങ്ങുന്നത് പ്രശ്‌നമാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇത്രയേറെ മരണങ്ങള്‍ക്ക് ഇടയാക്കിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെങ്കിലും എഫ്‌ഐആറില്‍ താരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താരത്തെ തിടുക്കപ്പെട്ട് പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിക്കുമെന്നാണ് ഡിഎംകെ കരുതുന്നത്.
അതേസമയം ദുരന്തത്തില്‍ ഗൂഡാലോചനയുണ്ടായെന്നും സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്‍, ടിവികെ കരൂര്‍ ജില്ലാ ഭാരവാഹികളായ മെതിയഴകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിജയ് ദുരന്തമുണ്ടായ കരൂരില്‍ പോകാന്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും പോലീസ് ഈ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.