ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളും: പിന്തുണയുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Narendra Modi and Donald Trump
Narendra Modi and Donald Trump
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 മെയ് 2025 (11:57 IST)
ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സംസാരിച്ചു. ആണവ ശേഷിയുള്ള ഇരു രാജ്യങ്ങളോടും സംഘര്‍ഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താനും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം കോടതി നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കാശ്മീര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫാദേഷ് കുമാര്‍, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

ഹര്‍ജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും രാജ്യം കടന്നുപോകുന്ന സാഹചര്യം മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി. പിന്നാലെ ഇവര്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. അതേസമയം വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വ്യോമ അതിര്‍ത്തി അടച്ചതിനു പിന്നാലെയുമാണ് പാക് വിമാനങ്ങള്‍ ഉപയോഗിക്കുന്ന സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനം വിന്യസിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :