അഭിറാം മനോഹർ|
Last Modified വെള്ളി, 26 ജൂലൈ 2024 (12:39 IST)
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി നേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാജ്യത്തിനായുള്ള ത്യാഗം അനശ്വരമാണെന്നാണ് കാര്‍ഗില്‍ വിജയ് ദിവസ് നമ്മളോട് പറയുന്നതെന്ന് ലഡാക്കിലെ ദ്രാസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
പാകിസ്ഥാന്‍ മുന്‍പ് നടത്തിയ അന്യായമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതാണ്. എന്നാല്‍ അവര്‍ ചരിത്രത്തില്‍ നിന്നും ഒന്നും തന്നെ പഠിച്ചില്ല. ഭീകരവാദവും നിഴല്‍ യുദ്ധവുമെല്ലാം അവര്‍ ഇന്നും തുടരുകയാണ്. ഞാന്‍ ഇന്ന് സംസാരിക്കുന്നത് ഭീകരതയുടെ നേതാക്കള്‍ക്ക് എന്റെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ സാധിക്കുന്ന ഇടത്ത് നിന്നാണ്.
നിങ്ങളുടെ നീചമായ ഉദ്ദേശങ്ങള്‍ ഒരിക്കലും വിജയിക്കില്ല എന്നതാണ് ഭീകരതയുടെ രക്ഷാധികാരികളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സൈനികര്‍ പൂര്‍ണശക്തിയോടെ ഭീകരവാദത്തെ തകര്‍ത്ത് ശക്തമായ മറുപടി നല്‍കും. പ്രധാനമന്ത്രി പറഞ്ഞു.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. രാഷ്ട്രപതി ദ്രൗപതി മുര്‍മു,പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ഉള്‍പ്പടെ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.