ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2015 (16:57 IST)
രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യവുമായി ബിജെപിയുടെ തീപ്പൊരി നേതാക്കളായ യോഗി ആദിത്യനാഥും സാക്ഷിമഹാരാജും രംഗത്ത്. മുസ്ലീം ജനസംഖ്യയിലുണ്ടായ വര്‍ധന ഉദ്വേഗജനകവും അപകടകരവുമാണെന്നും അതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നുമാണ് ഇരുവരും പറഞ്ഞത്.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കണം. 'നാം രണ്ട് നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം എല്ലാ സമൂഹങ്ങള്‍ക്കും ബാധകമാക്കണം. മുസ്ലീം സമുദായത്തിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്‌ഥ സംജാതമാവാന്‍ കാരണമാവും യോഗി ആദിത്യ നാഥ് പറഞ്ഞു.
ഇത് തുടര്‍ന്നാല്‍ അമ്പത് വര്‍ഷത്തിനു ശേഷം 1947 ല്‍ നടന്നതുപോലെ രാജ്യം വിഭജിക്കപ്പെട്ടേക്കുമെന്നും 1990 ല്‍ നടന്നതുപോലെ കശ്‌മീരില്‍ നിന്ന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പലായനം ചെയ്യേണ്ടിവരുമെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
അതേസമയം, സ്വാതന്ത്ര്യദിനത്തിലും മറ്റും മതപാഠശാലകള്‍ക്ക് രാജ്യസ്‌നേഹം പ്രകടിപ്പിക്കണമെന്ന ഫത്‌വ നല്‍കുന്നതുപോലെ ഇക്കാര്യത്തിലും മതനേതാക്കള്‍ നിര്‍ദേശം നല്‍കണമെന്നാണ് സാക്ഷി മഹാരാജ് പറഞ്ഞത്.
ദേശീയ ശരാശരി 24.6 ശതമാനമായിരിക്കുമ്പോള്‍ ഹിന്ദു ജനസംഖ്യാ വളര്‍ച്ച 16.8 ശതമാനമായതാണ് ആദിത്യനാഥിനെയും സാക്ഷിമഹാരാജിനെയും ഏകീകൃത സിവില്‍ കോഡ് എന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.