യൂറോപ്പിലെ പോലെ പുതിയ കോവിഡ് തരംഗം ഇന്ത്യയിലും ഉണ്ടാകുമോ? എയിംസ് ഡയറക്ടര്‍ സംസാരിക്കുന്നു

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:20 IST)

യൂറോപ്പിലെ പുതിയ കോവിഡ് തരംഗം ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നുണ്ട്. അതിവേഗം ഉയര്‍ന്ന കോവിഡ് കര്‍വ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ട്. യൂറോപ്പിലെ കോവിഡ് തരംഗത്തിനു സമാനമായി ഇന്ത്യയിലും കോവിഡ് വ്യാപനം ഉണ്ടാകുമോ എന്ന സംശയം ഇപ്പോള്‍ പലര്‍ക്കും ഉണ്ട്. നേരത്തെ ആരോഗ്യവിദഗ്ധര്‍ പ്രവചിച്ചിട്ടുള്ള കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ കോവിഡ് കര്‍വ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനു എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ മറുപടി നല്‍കുന്നു.

ആദ്യ രണ്ട് കോവിഡ് തരംഗങ്ങളെ പോലെ തീവ്രമായ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്നാണ് രണ്‍ദീപ് ഗുലേറിയ പറയുന്നത്. നിലവില്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. കോവിഡ് കേസുകള്‍ സാധാരണ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ അതിതീവ്രമായ രീതിയില്‍ കേസുകള്‍ ഉയരില്ല. കോവിഡ് മഹാമാരി അതിന്റെ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണ്. അതുകൊണ്ട് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിനെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ല. വിശദമായ വിവരങ്ങള്‍ ശേഖരിച്ച് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :