വിവാഹിതനായി പാകിസ്ഥാനിൽ സുഖവാസം, ഇടയ്ക്ക് റിയാദിലേയ്ക്ക്; രഹസ്യ വിവരത്തിന് പിന്നാലെ പിടികൂടി എൻഐഎ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (08:20 IST)
തിരുവനന്തപുരം: ബംഗളുരു ഡൽഹി സ്ഫോടന കേസുകളിൽ മലയാളി ഉൾപ്പടെ രണ്ടുപ്രതികളെ റിയാദിൽനിന്നും അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക എൻഐഎ സംഘം രണ്ടാഴ്ചകൾക്ക് മുൻപ് റിയാദിലെത്തിയിരുന്നു. പ്രതികളെ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തീച്ചു. കണ്ണൂർ സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയിബയുടെ പ്രവർത്തകനായ ഉത്തർപ്രദേശ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന തടിയന്റെ വിട നസീർ സ്ഥാപിച്ച ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയിലെ ആദ്യകാല അംഗമായിരുന്നു ഷുഹൈബ്. ഷുഹൈബിനെ കൊച്ചി എൻഐഎ ഒഫീസിലും, ഗുൽനവാസിനെ തിരുവനന്തപുരം ഐബി ആസ്ഥാനത്തും ചോദ്യം ചെയ്യുകയാണ്. ഇരുവരും സിമിയുടെ പ്രവർത്തകരായിരുന്നു, പിന്നീടാണ് സുഹൈബ് ഇന്ത്യൻ മുജാഹിദീനിലും, ഗുൽനവാസ് ലഷ്കർ ഇ തയിബയിലും ചേർന്നത്.

ബംഗളുരു സ്ഫോടനക്കേസിൽ പ്രതിയായ ഷുഹൈബ് പാകിസ്ഥാനിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാനിൽ വിവാഹിതനായി ഷുഹൈബ് ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇടയ്ക്ക് റിയാദിൽ വന്നുപോകുന്നതായി ഇന്റർപോളിൽനിന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് റിയാദിൽവച്ച് പിടികൂടാൻ പദ്ധതി തയ്യാറാക്കുകയായിരുനു. ഹവാല ഇടപാടുകളിലൂടെ ഭീകരർക്ക് പണം എത്തിച്ചുനൽകിയ കേസിലും ഷുഹൈബ് പ്രതിയാണ്. ഗുൽനവാസ് ഡൽഹി സ്ഫോടന കേസിലെ പ്രതിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :