മാന്‍വേട്ട: സല്‍മാന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (17:07 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.
സല്‍മാ‍നെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ശിക്ഷ റദ്ദാക്കിയതിനെതിരേ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഉത്തരവ് പറയാനായി ഈ മാസം 24ലേക്ക് മാറ്റിവച്ചത്. 1998 ഒക്ടോബറില്‍ ഒരു സിനിമ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ താരങ്ങള്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് കേസ്. സല്‍മാന്‍ ഖാന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.

അതേസമയം, കേസുള്ളതിനാല്‍ തനിക്ക് യുകെ വിസ കിട്ടാന്‍ പ്രശ്നങ്ങള്‍ നേരിടുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും സല്‍മാന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ അത് നിങ്ങളുടെ കൈയിലിരുപ്പ് കൊണ്ടാണെന്നും കോടതിയുടെ കുറ്റമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കേസുള്ളതിനാല്‍ യുകെ വിസ കിട്ടാന്‍ തടസം നേരിടുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്. നാളെ ഇതുപോലെ ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാവ് കോടതിയിലെത്തി തന്നെ ശിക്ഷിച്ചതുകൊണ്ട് നിരവധി പ്രശ്നങ്ങളുണ്ടെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും സുപ്രീകോടതി സല്‍മാന്റെ അഭിഭാഷകനോട് ചോദിച്ചു. 2007ലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷമാണ് രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ഇതിനെതിരെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :