രേണുക വേണു|
Last Modified വ്യാഴം, 20 ജൂലൈ 2023 (12:49 IST)
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
' ഉചിതമായ നടപടി സ്വീകരിക്കാനായി സര്‍ക്കാരിന് കുറച്ച് സമയം നല്‍കും. അതുണ്ടായില്ലെങ്കില്‍ കോടതി നേരിട്ട് വിഷയത്തില്‍ ഇടപെടും,' സുപ്രീം കോടതി പറഞ്ഞു.
അതേസമയം മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണെന്നും കുറ്റവാളികള്‍ ഒരു തരത്തിലും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
' എന്റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. രാഷ്ട്രം മുഴുവന്‍ ഇതില്‍ ലജ്ജിക്കുന്നു. എല്ലാ മുഖ്യമന്ത്രിമാരോടും അവരവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സ്ത്രീ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്ത് എവിടെയാണെങ്കിലും ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ രാഷ്ട്രീയത്തിനു അതീതമായി ശബ്ദം ഉയരണം,' മോദി പറഞ്ഞു.