ന്യൂഡല്‍ഹി|
Last Modified ശനി, 15 നവംബര്‍ 2014 (12:46 IST)
സുനന്ദപുഷ്‌കറിന്റ മരണത്തെകുറിച്ച് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ശശി തരൂരിന്റേയും സുനന്ദയുടെ കുടുംബാംഗങ്ങളുടേയും മൊഴി വീണ്ടുമെടുത്തേക്കും. സുന്ദയുടെ മകന്‍ ശിവ് മേനോന്‍, അച്ഛന്‍ പുഷ്‌കര്‍നാഥ് ദാസ്, സഹോദരങ്ങള്‍ എന്നിവരുടെ മൊഴിയെടുക്കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. ഇതിനിടെ സുനന്ദയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബാസി വ്യക്തമാക്കി. കേസിന്റെ അന്വേഷണം താഴെക്കിടയില്‍ നിന്ന് വീണ്ടും തുടങ്ങാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. ഇതിനായി ഏതറ്റംവരേയും പോകുമെന്ന് പൊലീസ് കമ്മീഷണര്‍ ബിഎസ് ബാസി പറഞ്ഞു.
സുനന്ദപുഷ്‌കറിന്റെ മരണത്തെകുറിച്ചുള്ള ദുരൂഹതകള്‍ നീക്കാനാണ് ഡല്‍ഹി പൊലീസ് ശശി തരൂരിന്റെയും സുനന്ദയുടെ കുടുംബാംഗങ്ങളുടെയും മൊഴി വീണ്ടും എടുക്കുന്നത്.
സുനന്ദയുടെ മരണത്തിന് കാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന എയിംസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദേശരാജ്യത്തേക്കയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരികരിക്കാന്‍ പൊലീസ് തയാറായില്ല. അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ നിഗമനത്തിലെത്താനാകില്ലെന്നും ബിഎസ് ബാസ്സി വ്യക്തമാക്കി. സുനന്ദയുടെ മരണത്തില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുനന്ദ മരിച്ച ദിവസം ദുബായ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കും പാകിസ്ഥാനിലേക്കും പോയവരുടെ വിവരങ്ങള്‍ ഡല്‍ഹി പൊലീസ് തേടുന്നുണ്ട്.