ന്യൂഡല്‍ഹി|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:12 IST)
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പുനരന്വേഷിച്ചേക്കും. പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ റിപ്പോര്‍ട്ടും തമ്മിലുളള വൈരുധ്യമാണ് ഇത്തരമൊരു പുനരന്വേഷണത്തിന് പ്രേരകമായതെന്നാണ് സൂചന. സുനന്ദ പുഷ്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുനന്ദയ്ക്ക് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അമിത മരുന്നുപയോഗമല്ല മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമായ വിഷം ഏതെന്ന് കണ്ടെത്താന്‍ വിദേശത്ത് പരിശോധന നടത്തണം. അതുപോലെ മുറിയില്‍ കണ്ടെത്തിയ വിഷാദരോഗത്തിനുള്ള മരുന്നായ അല്‍പ്രാസ് സുനന്ദ കഴിച്ചിരുന്നില്ല. ഇവ എങ്ങനെ മുറിയില്‍ വന്നുവെന്ന് അന്വേഷിക്കണം. കൂടാതെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെയുണ്ടായെന്നും കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടായതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പരിശോധന വീണ്ടും നടത്താന്‍ ഡല്‍ഹി പോലീസ് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ശശാങ്ക് പൂനിയ, ആദര്‍ശ് കുമാര്‍, സുധീര്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്ന് വീണ്ടും പരിശോധന നടത്തിയത്. ഈ അന്തിമ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടിലാണ് മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കുന്നത്. സുനന്ദ പുഷ്‌കറിന് കരള്‍, ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ അടുത്തമാസം പതിനഞ്ചിനകം കോടതിയെ സമീപിക്കും. മരണത്തെപ്പറ്റി ദുരൂഹത നിലനില്‍ക്കുന്ന ആന്തരികാവയവ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായി സുബ്രഹ്മണ്യം സ്വാമി ഇന്ത്യാവിഷനോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂരും ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിശദീകരിക്കുന്ന സുധീര്‍ ഗുപ്തയുടെ സത്യവാങ്മൂലം വിവാദമായിരുന്നു. എയിംസ് വക്താവ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ആരോപണം തളളിയിരുന്നു.