സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (12:49 IST)
ഇന്ന് ലോക പക്ഷാഘാതദിനമാണ്. ഹൃദയാഘാതം പോലെ മരണത്തിന് ഉടന്‍ കാരണമാകുന്ന അവസ്ഥായാണ് പക്ഷാഘാതം. പുരുഷന്മാരിലെ കടുത്ത തൊഴില്‍ സമ്മര്‍ദ്ദം പക്ഷാഘാതത്തിന് ഇടയാക്കുമെന്ന് ജപ്പാനില്‍ 11 വര്‍ഷം നീണ്ടുനിന്ന പഠനം തെളിയിക്കുന്നു. 1992 മുതല്‍ 3190 പുരുഷന്മാരെയും 3363 സ്ത്രീകളേയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ വിവിധ തൊഴില്‍ ചെയ്യുന്ന യുവാക്കള്‍ മുതല്‍ 65 വയസുവരെയുള്ളവരെ പങ്കെടുപ്പിച്ചിരുന്നു.
നാല് ഗ്രൂപ്പുകളായിത്തിരിച്ചായിരുന്നു പഠനം. മാനേജര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ക്ലാര്‍ക്കുമാര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധി മേഖലകളില്‍ ജോലിചെയ്യുന്ന ഈ ഗ്രൂപ്പിനെ 1992 നും 1995 നും ഇടയിലുള്ള കാലയളവിലാണ് ആദ്യ അഭിമുഖത്തിന് വിധേയരാക്കിയത്. കഴിഞ്ഞ 11 വര്‍ഷവും ഇവര്‍ നിരീക്ഷണത്തിനുവിധേയമായിരുന്നു.
ഇവരില്‍ കടുത്ത തൊഴില്‍ സമ്മര്‍ദ്ദമനുഭവിച്ചിരുന്ന 91 പുരുഷന്മാരും 56 സ്ത്രീകളും ഇക്കാലയളവില്‍ പക്ഷാഘാതത്തിനിരയായതായി കണ്ടെത്തി. കുറഞ്ഞ തൊഴില്‍ സമ്മര്‍ദ്ദമുള്ള ജോലിചെയ്യുന്നവരേക്കാള്‍ കടുത്ത തൊഴില്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന പുരുഷന്മാരില്‍ പക്ഷാഘാത സാധ്യത രണ്ടുമടങ്ങാണെന്നും ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സമ്മര്‍ദ്ദമേറെയുള്ള തൊഴിലാണെങ്കിലും വിശ്രമത്തിനും ഉല്ലാസത്തിനും സമയം കണ്ടെത്തുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാനാകുമെന്നും ലേഖനത്തില്‍ പറയുന്നു.