ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ദേശീയ പണിമുടക്ക്

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (08:01 IST)
രാജ്യത്തെ പത്ത് തൊഴിലാളില്‍ യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. അതേസമയം പണിമുടക്കില്‍ നിന്ന് പ്രധാനപ്പെട്ട തൊഴിലാളി സംഘടനയായ ബി‌എം‌എസ് പിന്മാറി.

തൊഴിലാളില്‍ സംഘടനകള്‍ നുഅന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും ഇത് പാലിക്കാന്‍ സമയം നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബി‌എം‌എസ് പിന്മാറിയത്. എന്നാല്‍ ഇടത് തൊഴിലാളില്‍ യൂണിയനുകളും കോണ്‍ഗ്രസ് അനുകൂല യൂണിയനായ ഐ‌എന്‍‌ടിയുസിയും പണിമുടക്ക് പ്രഖ്യാപനവുമായി മുന്നോട്ട് പോവുകയായിരുന്നു. ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള ബി‌എം‌എസ് പിന്മാറിയെങ്കിലും പണിമുടക്ക് വിജയമാകുമെന്ന് യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു.

റയിൽവേയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ ഒരു വിഷയത്തിനും പരിഹാരമായില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങളും പണിമുടക്കിനെ നേരിടാന്‍ നടപടികള്‍ ആരംഭിച്ചു.

സമരത്തിൽ പങ്കെടുക്കുന്നവർക്കു ഡയസ്‌നോൺ ബാധകമാക്കുമെന്നും ഒക്‌ടോബർ ശമ്പളത്തിൽ നിന്നു തുക തടഞ്ഞുവയ്‌ക്കുമെന്നും കേരള സർക്കാർ പ്രഖ്യാപിച്ചു. അക്രമത്തിൽ ഏർപ്പെടുകയോ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മുൻകൂർ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക സാഹചര്യത്തിലൊഴികെ അവധി അനുവദിക്കില്ല.

സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്കു സംരക്ഷണം നൽകാൻ കലക്‌ടർമാരും വകുപ്പുതലവന്മാരും നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ സഹായം നൽകാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :