രാജ്യത്ത്‌ പീഡന വിരുദ്ധ സെല്‍ തുടങ്ങുമെന്ന്‌ മനേകാ ഗാന്ധി

ബഡൗണ്‍| Last Modified വെള്ളി, 30 മെയ് 2014 (20:31 IST)
ഉത്തര്‍പ്രദേശില്‍ ദളിത്‌ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്‌ പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സ്‌ത്രീ പീഡനത്തിനെതിരേ ശക്‌തമായ നീക്കം തുടങ്ങുന്നു. ഇത്തരം സംഭവങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ രാജ്യത്ത്‌ പീഡന വിരുദ്ധ സെല്‍ തുടങ്ങുമെന്ന്‌ വനിത ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി വ്യക്‌തമാക്കി.

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടുമെന്നും മനേകാ ഗാന്ധി പറഞ്ഞു. 14, 15 പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. പൊലീസിന്റെ ഉത്തരവാദിത്വമില്ലായ്‌മയും നിഷ്‌ക്രിയത്വവുമാണ്‌ സംഭവത്തിന്‌ കാരണമെന്ന്‌ ആരോപണം ഉയരുകയും ചെയ്‌തിരുന്നു. പൊലീസ്‌ ഇപ്പോഴും ശരിയായ ദിശയിലല്ല നീങ്ങുന്നത്‌. സംഭവത്തില്‍ ഉള്‍പ്പെട്ട സകല പൊലീസുകാരെയും പുറത്താക്കുമെന്നും മനേകാഗാന്ധി പറഞ്ഞു.

മെയ്‌ 27 ന്‌ രാത്രിയില്‍ സ്വന്തം വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹം സമീപത്തെ മാവില്‍ കെട്ടിത്തൂക്കിയ നിലയില്‍ പിറ്റേദിവസം കണ്ടെത്തുകയായിരുന്നു. ഇരുവരും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്‌റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ടു പോലീസ്‌ കോണ്‍സ്‌റ്റബിള്‍മാരെ യു പി സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഏഴ്‌ പേര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ മൂന്ന്‌ പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :