സോംനാഥിനെ കിട്ടിയില്ല; പകരം നായ പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (09:57 IST)
ഭാര്യനല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഡല്‍ഹി മുന്‍മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോം‌നാഥ് ഭാരതിയുടെ വളര്‍ത്തു ഡോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഈ നായയെ ഉപയോഗിച്ച് സോം‌നാഥ് തന്റെ വയറ്റിലും ഗുഹ്യ ഭാഗത്തും കടിപ്പിച്ചതായി ഭാര്യ ലിപിക നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഉടമസ്ഥന്‍ മുങ്ങിയശേഷം ഡോണ്‍ അവശനിലയിലാണ് കടുത്ത ഹൃദ്രോഗിയായ ഡോണിന് കൃത്യസമയത്ത് മരുന്നുകള്‍ ലഭിക്കാത്തതാണ് കാരണം. വെള്ളിയാഴ്ച വൈകിട്ട് സോംനാഥിന്റെ വസതിയിലെത്തിയ പോലീസ് ഡോണിനെ കസ്റ്റഡിയിലെടുത്തു. വിദഗ്ധചികിത്സ നല്‍കുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. ഡോണിനെ നേരത്തെ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു.

ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഡോണിനെ അഴിച്ചുവിട്ട് കടിപ്പിച്ചിട്ടുണ്ടെന്നാണ് സോംനാഥിന്റെ ഭാര്യ ലിപിക മിത്രയുടെ പരാതി. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ നടന്ന സംഭവത്തില്‍ വയറ്റിലും രഹസ്യഭാഗങ്ങളിലും പരിക്കേറ്റതായും പരാതിയിലുണ്ട്. ഈ ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ സോം‌നാഥിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.

ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സോംനാഥ് ഒളിവില്‍പോയത്. സോം‌നാഥിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ ഒന്നാം എ‌എപി സര്‍ക്കാരിന്റെ കാലത്ത് ആഫ്രിക്കന്‍ സ്വദേശികളുടെ വാസസ്ഥലത്ത് നടത്തിയ അനധികൃത റെയ്ഡിന്റെ പേരില്‍ സോം‌നാഥിനെതിരെ നടപടി എടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :