അപർണ|
Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (14:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നാട്ടുകാരനായ നീരവ് മോദിയും മുന്‍ ഐപിഎല്‍ ചെയര്‍മാനായ ലളിത് മോദിയും ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്ത് നിരവധി മോദിമാരുണ്ടെങ്കിലും അവരെല്ലാം ഒരുപോലെ കാണുന്നത് രാജ്യത്തെ കൊള്ളയടിക്കുക എന്നതാണെന്നും എന്നാൽ പാവം ജനങ്ങള്‍ക്ക് അതറിയില്ലെന്നും യെച്ചൂരി പറഞ്ഞു. പൊതുസമ്മേളന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടാമതും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളാമെന്ന് വാഗ്ദാനം ചെയ്ത മോദി എഴുതി തള്ളിയത് വന്‍കിട വ്യവസായികളുടെ മൂന്ന് ലക്ഷം കോടി രൂപയുടെ കടങ്ങാളെണെന്നും സീതാറാം യെച്ചൂരി ഹൈദരാബാദില്‍ പറഞ്ഞു. രാജ്യത്തെ ബാങ്കുകളിൽ നിന്നും കോടികളാണ് കൊള്ളയടിക്കപ്പെടുന്നത്. വിശ്വസിച്ച് നിക്ഷേപിച്ച ജനങ്ങളുടെ പണമാണത്.
രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അവയ്‌ക്കെല്ലാം പിന്നില്‍ ബിജെപി ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും അതുകൊണ്ടു തന്നെ പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പ്രസംഗത്തിനിടയില്‍ മോദിയേയും അമിത്ഷായെയും ദുര്യോധനനും ദുശ്ശാസനുമായി യെച്ചൂരി താരതമ്യപ്പെടുത്തിയതും ശ്രദ്ധേയമായി. മഹാഭാരതത്തില്‍ കൗരവര്‍ നൂറു പേരുണ്ടെങ്കിലും ദുര്യോധനനെയും ദുശ്ശാസനനെയും മാത്രമാണ് ജനങ്ങള്‍ക്കറിയുന്നത്. അതുപോലെ ബിജെപിയില്‍ ആകെ ആളുകള്‍ക്കറിയുന്നത് മോദിയേയും അമിത് ഷായേയും ആണെന്നും യെച്ചൂരി പറഞ്ഞു.