ഹൈദരാബാദ്|
jibin|
Last Modified ഞായര്‍, 22 ഏപ്രില്‍ 2018 (14:50 IST)
സിപിഎം ജനറല്‍ സെക്രട്ടറയായി സീതാറാം യെച്ചൂരി തുടരും. ഹൈദരാബാദില്‍ ചേര്‍ന്ന 22മത്
പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. തുടര്‍ച്ചയായ രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറി ആകുന്നത്.
17 അംഗ പോളിറ്റ് ബ്യൂറോ (പിബി)യേയും 95 അംഗ കേന്ദ്ര കമ്മിറ്റിയേയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. പിബിയില്‍ രണ്ടുപേരും കേന്ദ്രകമ്മിറ്റി (സിസി)യില്‍ 20 പേരും പുതുമുഖങ്ങളാണ്. സിസിയില്‍ ഒരു സീറ്റ് സ്ത്രീകള്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്.
കേരളത്തിൽ നിന്ന് എംവി ഗോവിന്ദനും പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തിയപ്പോൾ മുതിർന്ന അംഗം പികെ ഗുരുദാസൻ ഒഴിവായി. മലയാളിയും അഖിലേന്ത്യ കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണനും മുരളീധരനും കമ്മിറ്റിയിലുണ്ട്. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.
എസ് രാമചന്ദ്രൻ പിള്ള പോളിറ്റ്ബ്യൂറോയിൽ തുടരും. 80 വയസു കഴിഞ്ഞ എസ്ആർപിയ്ക്ക് ഇളവ് നൽകണമെന്ന് കാരാട്ട് പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബുദ്ധദേവ് ഭട്ടാചാര്യ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്നും ഒഴിവായി.
വിഎസ് അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരും. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും സിസിയിലെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. അഞ്ച് സ്ഥിരം ക്ഷണിതാക്കള്‍ ഉണ്ട്. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.
പോളിറ്റ് ബ്യൂറോ അംഗങ്ങൾ
1. സീതാറാം യെച്ചൂരി, 2. പ്രകാശ് കാരാട്ട്, 3. എസ് രാമചന്ദ്രൻപിള്ള, 4. ബിമൻ ബോസ്, 5. മണിക് സർക്കാർ,
6. പിണറായി വിജയൻ, 7. ബൃന്ദ കാരാട്ട്, 8. സൂര്യകാന്ത് മിശ്ര, 9. കോടിയേരി ബാലകൃഷ്ണൻ, 10. എംഎ ബേബി, 11. സുഭാഷിണി അലി, 12. ബിവി രാഘവേലു , 13. ഹന്നൻ മുള്ള , 14. ജി രാമകൃഷ്ണൻ, 15. മുഹമ്മദ് സലീം, 16. തപൻ സെൻ, 17. നീലോൽപൽ ബസു.