മുംബൈ|
jibin|
Last Modified വെള്ളി, 20 നവംബര്‍ 2015 (08:34 IST)
ഷീനാ ബോറാ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ല എന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നുവെങ്കിലും
സിബിഐ അറസ്റ്റു ചെയ്യുകയായിരുന്നു. ഷീനാ ബോറാ വധക്കേസിലെ തെളിവു നശിപ്പിച്ച കുറ്റത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഷീനാ ബോറാ വധക്കേസില്‍ പീറ്റര്‍ ഇതുവരെ പ്രതി ചേര്‍ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ സിബിഐ അപ്രതീക്ഷിതമായ നീക്കം നടത്തുകയും അറസ്റ്റ് നടപ്പാക്കുകയുമായിരുന്നു. പീറ്ററിനെയും ഷീനയുടെ കാമുകനായിരുന്ന രാഹുലിനെയും സിബിഐ ചോദ്യം ചെയ്യാനായി ഓഫീസിലേക്ക് ഉച്ചയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പീറ്ററിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലെന്ന
പീറ്ററിന്റെ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നു കാട്ടിയാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ, ഷീന ബോറ കൊലപാതകക്കേസില്‍ സിബിഐ മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയടക്കം മൂന്നുപേര്‍ക്കെതിരേയാണു കുറ്റപത്രം. 150 സാക്ഷിമൊഴികളും 200 രേഖകളും ഉള്‍പ്പെടുത്തി 1000ല്‍ അധികം പേജുകളിലായാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
2012 ഏപ്രിലില്‍ 24കാരിയായ ഷീനയെ അമ്മ ഇന്ദ്രാണി കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകത്തിനുശേഷം മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്ന് ഷീനയുടെ മൃതദേഹം റായ്ഗഡിലെ വനപ്രദേശത്ത് മറവുചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്.