മുംബൈ|
JOYS JOY|
Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (10:48 IST)
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവേ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍. അപസ്മാരത്തിനുള്ള ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ദ്രാണി ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് അവരെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ പറഞ്ഞു.
അതേസമയം ബോധം തിരിച്ചു കിട്ടിയിട്ടില്ലെങ്കിലും അവര്‍ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി ഡീന്‍ ഡോ ടി പി ലെഹാനെ പറഞ്ഞു. വെള്ളിയാഴ്ച ആയിരുന്നു അമിതമായി ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയിലായ ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ദ്രാണി മുഖര്‍ജിയുടെ അമ്മ കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത വിഷാദം പിടികൂടിയ അവര്‍ക്ക് മരുന്നു നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മരുന്ന് കൂടിയ അളവില്‍ കഴിച്ചതാകാം ഇന്ദ്രാണിയുടെ ആരോഗ്യനില തകരാറിലാകാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്.
മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗസ്ത് 25നാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. സെപ്തംബര്‍ ഏഴുമുതല്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു.
ഇവരുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. കേസിന്റെ അന്വേഷണം മഹാരാഷ്‌ട്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം സി ബി ഐക്ക് കൈമാറിയിരുന്നു.