ന്യൂഡൽഹി|
നീന മാത്യു|
Last Modified ഞായര്‍, 5 ജനുവരി 2020 (23:11 IST)
ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വ്യാപക സംഘർഷത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരുക്ക്.
ഐഷിയെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച് ഒരു സംഘം ക്യാംപസിനുള്ളിൽ പ്രവേശിക്കുകയും ഐഷിയെയും മറ്റു വിദ്യാർഥികളെയും ആക്രമിക്കുകയായിരുന്നു.
എബിവിപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അധ്യാപകർക്കും പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
വിദ്യാർഥികളുടെ ശബ്ദങ്ങളെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ എന്ന് പി ചിദംബരവും പ്രതികരിച്ചു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അക്രമ സംഭവങ്ങളിൽ ഡൽഹി പൊലീസിനോടു റിപ്പോർട്ട് തേടി.