അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (13:43 IST)
ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. നെഞ്ച് വേദനയെ തുടര്‍ന്ന് ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേനാക്കിയ മന്ത്രിയുടെ ഹൃദയത്തില്‍ 3 ബ്ലോക്കുകള്‍ കണ്ടെത്തി. ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതേസമയം മന്ത്രിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രതിഷേധം ശക്തമാക്കി.
18 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു മന്ത്രിയുടെ അറസ്റ്റ്. തുടര്‍ന്നുണ്ടായ നാടകീയസംഭവങ്ങള്‍ക്കൊടുവിലാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ മന്ത്രി പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദ്ദിച്ചെന്നും മന്ത്രിയുടെ ചെവിക്ക് ചുറ്റും നീരുണ്ടെന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു,ഉദയനിധി സ്റ്റാലിന്‍,എം സുബ്രഹ്മണ്യന്‍,ഇ വി വേലു തുടങ്ങിയവര്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.