ചേതേശ്വര്‍ പുജാരയോട് വിരമിക്കാന്‍ ആവശ്യപ്പെടും; നിര്‍ണായക നീക്കവുമായി ബിസിസിഐ

രേണുക വേണു| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (10:37 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ചേതേശ്വര്‍ പുജാരയുടെ കരിയര്‍ തുലാസില്‍. ഇനിയുടെ ടെസ്റ്റ് പരമ്പരകളിലേക്ക് പുജാരയെ ബിസിസിഐ പരിഗണിക്കില്ല. താരത്തോട് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കും. ടെസ്റ്റ് ടീമില്‍ തലമുറ മാറ്റത്തിനു സമയമായെന്നാണ് ബിസിസിഐയുടെ നിലപാട്.

പുജാരയുടെ ക്രിക്കറ്റ് കരിയര്‍ ഇതോടെ അവസാനിക്കുമെന്നാണ് ആരാധകരുടെയും അഭിപ്രായം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്സിലും പുജാര നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 25 പന്തില്‍ നിന്ന് 14 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 47 ബോളില്‍ 27 റണ്‍സുമാണ് പുജാര നേടിയത്.

രണ്ടാം ഇന്നിങ്സില്‍ പുജാര പുറത്തായ രീതിയും വ്യാപക വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. മോശം ഷോട്ടിന് വേണ്ടി ശ്രമിച്ച് പുജാര വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നിര്‍ണായക സമയത്ത് ഇത്രയും അനുഭവസമ്പത്തുള്ള പുജാര പുറത്തായ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പുജാരയെ ഇനി പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ പുജാരയ്ക്ക് സാധിച്ചിട്ടില്ല. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലോടെ പുജാരയുടെ കരിയറിനും അവസാനമാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :