ജാതി അധിക്ഷേപത്തിന് കേസെടുക്കണമെങ്കിൽ അധിക്ഷേപം പൊതുസ്ഥലത്ത് വെച്ചാകണം: ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (13:37 IST)
പൊതുസ്ഥലത്ത് വെച്ച് ജാതി അധിക്ഷേപം നടത്തിയാൽ മാത്രമെ പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാനാകുവെന്ന് കർണാടക ഹൈക്കോടതി. സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് താഴത്തെ നിലയിൽ വെച്ച് ജാത്യാധിക്ഷേപം നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടാണ് കോടതിയുടെ പരാമർശം.

കെട്ടിടത്തിന് താഴെ മറ്റ് തൊഴിലാളികൾക്കൊപ്പം പണിയെടുക്കുകയായിരുന്ന മോഹൻ എന്നയാൾക്കെതിരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു കേസ്. എന്നാൽ കെട്ടിട ഉടമയായ ജയകുമാർ ആർ നായർക്ക് വേണ്ടി ജോലി ചെയ്തിരുന്ന തൊഴിലാളികളായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും ഇവർ പരാതിക്കാരൻ്റെ സുഹൃത്തുക്കൾ കൂടിയാവാം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പൊതുസ്ഥലത്ത് വെച്ചല്ലാത്ത ജാതി അധിക്ഷേപത്തിൽ പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. റിതേഷ് പയസിനെതിരെ ഐപിസി 323 പ്രകാരം ചുമത്തിയ കുറ്റവും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :