കൊവിഡ് മരണം 40,855 നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം: കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (17:39 IST)
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി. നാൽപ്പതിനായിരത്തോളം പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിടത്ത് വെറും 548 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ 50000 രൂപയുടെ സഹായം അനുവദിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

40855 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതിൽ ഇതില്‍ 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അതില്‍ 1948 പേര്‍ക്കാണ് അർഹതയുള്ളതായി കണ്ടെത്തിയത്. ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് വരുന്നു. കഴിഞ്ഞ ദിവസം വരെ 548 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. കേരളം സുപ്രീം കോടതിയെ അറിയിച്ചു.

എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയ കോടതി ക്ഷേമരാഷ്ട്രം എന്ന നിലയില്‍ അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടികാട്ടി. ഗുജറാത്ത് മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :