നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്ക് സംവിധായകന്‍ ബി ഗോപാലിന്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (16:56 IST)
നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്ക് സംവിധായകന്‍ ബി. ഗോപാലിന് (ബജുവഡ ഗോപാല്‍). 10,000 രൂപയും മൊമെന്റോയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ സംവിധായകര്‍, നടീടന്‍മാര്‍ തുടങ്ങിയ വ്യക്തികള്‍ക്കായി സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്‍കുന്ന പുരസ്‌കാരമാണ് സത്യജിത് റേ അവാര്‍ഡ്. 2016ലാണ് ആദ്യമായി വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കോവിഡ് മഹാമാരി മൂലം 2019ല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. 2016ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം ആദ്യം ലഭിച്ചത് പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. തുടര്‍ന്ന് സത്യജിത് റേയുടെ സിനിമയായ ചാരുലതയിലെ നായിക മാധബി മുഖര്‍ജി, നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ ഗാര്‍ഹേ എന്നിവര്‍ക്കും ലഭിച്ചു.

നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ബി. ഗോപാല്‍. 30 തെലുങ്ക് ചിത്രങ്ങളും 2 ഹിന്ദി ചിത്രങ്ങളും ബി. ഗോപാല്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം നടനായും തിളങ്ങി. 1977 മുതല്‍ സിനിമാ രംഹത്ത് നില്‍ക്കുന്ന ബി. ഗോപാല്‍ ഇന്നും സജീവമാണ്. ബി. ഗോപാലിന്റെ പ്രസിദ്ധ സിനിമകളാണ് പരമവീരചക്ര, മാസ്‌ക.

ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ബി. ഗോപാലിന് ഇന്ത്യന്‍ സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന സത്യജിത് റേ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

2021 ഒക്റ്റോബര്‍ 13ന് ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബി. ഗോപാലിന് സത്യജിത് റേ അവാര്‍ഡ് നല്‍കും. സിനിമാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്, സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, സംവിധായകന്‍ സജിന്‍ലാല്‍ തുടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :