അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (13:06 IST)
73-ാമത് എമ്മി പുരസ്‌കാരങ്ങൾ തൂത്തുവാരി ബ്രിട്ടീഷ് ഡ്രാമാ സീരീസായ ദ ക്രൗൺ. 6 പുരസ്‌കാരങ്ങളാണ് ക്രൗൺ ഇത്തവണ സ്വന്തമാക്കിയത്.അമേരിക്കൻ സിറ്റ്കോം ടെഡ് ലാസോ മൂന്ന് അവാർഡുകൾ നേടിയപ്പോൾ അമേരിക്കൻ പീരിയഡ് ഡ്രാമ ലിമിറ്റഡ് സീരീസ് ക്വീൻസ് ഗാംബിറ്റ് 2 അവാർഡുകളും സ്വന്തമാക്കി.
മേർ ഓഫ് ഈസ്റ്റ്‌ടൗണിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലറ്റ് ലിമിറ്റഡ് സീരീസിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. സഹനടൻ,നടി പുരസ്‌കാരങ്ങളും മേർ ഓഫ് ഈസ്റ്റ്‌ടൗണിനാണ്. ഇവാൻ പീറ്റേഴ്സ്, ജൂലിയൻ നിക്കോൾസൺ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്.
അതേസമയം മികച്ച തിരക്കഥ, സംവിധാനം, സഹനടി, സഹനടൻ, നടി, നടൻ എന്നീ പുരസ്കാരങ്ങളാണ്
ദി ക്രൗൺ സ്വന്തമാക്കിയത്. പീറ്റർ മോർഗൻ, ജെസിക്ക ഹോബ്സ്, ഗിലിയൻ ആൻഡേഴ്സൺ, തോബിയാസ് മെൻസീസ്, ഒലിവിയ കോൾമൻ, ജോഷ് ഒകോണർ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്, ക്രൗൺ തന്നെയാണ് മികച്ച ഡ്രാമാ സീരീസ്. ക്വീൻസ് ഗാംബിറ്റ് മികച്ച ലിമിറ്റഡ് സീരീസ് പുരസ്കാരം നേടി.
ആപ്പിൾ ടിവി പരമ്പര ടെഡ് ലാസോയും അമേരിക്കൻ സിറ്റ്കോം ഹാക്ക്സും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ടെഡ് ലാസോ മികച്ച നടൻ, കോമഡി പരമ്പരയിലെ മികച്ച സഹനടൻ, നടി എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച കോമഡി പരമ്പരയും ടെഡ് ലാസോ ആണ്.