ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (19:57 IST)
ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ അകാല മരണം സംഭവിക്കുമോ? സംഭവിച്ചേക്കാമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് മതവിശ്വാസിയായ അഭിഭാഷക കോടതിയെ സമീപിച്ചിരിക്കുകയാണ്.
സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍ജി വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നാണ് ഹര്‍ജിയില്‍ ഇവര്‍ ആരോപിച്ചിരിക്കുന്നത്. ഫലിതങ്ങളില്‍ സര്‍ദാര്‍ജിയെ സ്‌ഥിരമായി വിഡ്‌ഢിയായി ചിത്രീകരിക്കുന്നത് സര്‍ദാര്‍ജിമാര്‍ പൊതുവെ മണ്ടന്മാരാണെന്ന പ്രചരണത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ കോടതി ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു.
ടി എസ് താക്കൂര്‍ അടങ്ങുന്ന ബഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ദാര്‍ജിമാരുടെ സഹൃദയത്വം വളരെ പ്രശസ്തമാണെന്നും അഭിഭാഷകയുടെ ഹര്‍ജിക്കെതിരെ അവര്‍ തന്നെ മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നും കോടാതി നിരീക്ഷിച്ചു. നിരവധി ഭാഷകളില്‍ മാസികകളിലും വെബ്‌സൈറ്റുകളിലുമായി രാജ്യമൊട്ടാകെ പ്രചരിക്കുന്ന ഫലിതങ്ങളില്‍ മുന്‍നിരയിലാണ് സര്‍ദാര്‍ജി ഫലിതങ്ങളുടെ സ്‌ഥാനം.
ജസ്റ്റിസ് ടിഎസ് താക്കൂര്‍ അടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏകദേശം അയ്യായിരത്തോളം വെബ്‌സൈറ്റുകള്‍ സര്‍ദാര്‍മാരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുകൊണ്ട് ഫലിതങ്ങള്‍ ഇറക്കുന്നതായി അഭിഭാഷകയുടെ ഹര്‍ജിയില്‍ പറയുന്നു.