സിഖ് കൂട്ടക്കൊല, അസം കലാപം, ബാബ്‌റി മസ്ജിദ്, ഗോധ്ര...ഈ സാഹിത്യകാരന്മാര്‍ അന്ന് എവിടെയായിരുന്നു?

വിഷ്‌ണു എന്‍ എല്‍| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2015 (20:47 IST)
ഇന്ന് മാധ്യമങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സാഹിത്യകാരന്മാര്‍ അക്കാദമി സ്ഥാനങ്ങള്‍ രാജി വെയ്ക്കുന്നതും പുരസ്കാരങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നതും. മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം നഷ്‌ടപ്പെടുന്നു, സാഹിത്യകാരന്മാര്‍ കൊല്ലപ്പെടുന്നു, എന്തിനേറെ ഒരു പ്രമുഖ ദൃശ്യമാധ്യമം കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദര്‍ശിപ്പിച്ച ആനുകാലിക സംഭവങ്ങളുടെ പ്രതികരണത്തില്‍ അവതാരകന്‍ നാട്ടുകാരെ മുഴുവനും പേടിപ്പിച്ചു കൊണ്ട് പറയുന്നു ഫാസിസം പടിവാതിക്കല്‍ എത്തിയെന്ന്.

എന്താണ് ഇതിന്റെ ഒക്കെ പിന്നില്‍. ഈ രാജ്യം അഭിപ്രായസ്വാതന്ത്ര്യത്തിന് എന്തെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയ ഭരണകൂടത്താലാണോ ഭരിക്കപ്പെടുന്നത്? അല്ല. അപ്പോള്‍ ഇവരുടെ ഒക്കെ പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവരുടെ സ്വാതന്ത്ര്യമാണ്. സാഹിത്യകാരന്മാരുടെ വിഷയമെടുക്കാം. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു, ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം നഷ്‌ടപ്പെടുന്നു, സാഹിത്യകാരന്മാര്‍ കൊല്ലപ്പെടുന്നു തുടങ്ങിയവയൊക്കെ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുരസ്കാരങ്ങള്‍ തിരികെ ഏല്‍പ്പിച്ച സാഹിത്യ ബുദ്ധിജീവികളുടെ രോദനങ്ങള്‍.

ഇതിനുമുമ്പ് ഇന്നേവരെ നേരിടാത്ത എന്ത് ദുരന്തമാണ് കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് നടന്നത്. ദാദ്രി കൊലപാതകവും കല്‍ബുര്‍ഗി കൊലപാതകവും ചെറുതാക്കി കാണുകയല്ല. ഏതൊരു കൊലപാതകവും അപലപിക്കപ്പെടേണ്ടതും നിഷ്ഠൂരവുമാണ്. ദാദ്രിയിലെ കൊലപാതകത്തിനു പിന്നില്‍ ബീഫ് തിന്നതല്ല പകരം അത് തിന്നു എന്ന് വരുത്തി തീര്‍ത്ത സാമൂഹ്യദ്രോഹികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. രാജ്യത്ത് ഇന്നേവരെ കൊല്ലപ്പെട്ടവരില്‍ ആദ്യത്തെ സാഹിത്യകാരനല്ല കല്‍ബുര്‍ഗിയും.

രാജ്യത്ത് ഇതിനെക്കാളേറെ വിഷലിപ്‌തമായ, സമൂഹത്തെ വെട്ടിമുറിച്ച നമ്മള്‍ എന്നതിനു പകരം ഞാനും നീയും എന്ന് ഇന്ത്യക്കാര്‍ വിളിക്കാന്‍ തുടങ്ങിയ അഥവാ പ്രേരിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ നടന്നിരുന്നില്ലേ. അധികം പുറകിലേക്കൊന്നും പോകേണ്ടതില്ല ഇക്കഴിഞ്ഞ 2012ല്‍ രാജ്യം മുഴുവനും അറിഞ്ഞ ഒരു വര്‍ഗീയ കലാപം അസമില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗോത്രവര്‍ഗക്കാരും മുസ്ലിം സമുദായവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ നൂറുകണക്കിനാളുകള്‍ ജീവന്‍ വെടിഞ്ഞു. അതിലേറെപ്പേര്‍ക്ക് അംഗഭംഗവും പരുക്കും പറ്റി. പട്ടിണിയും ബലാത്സംഗവും അസമിനെ കശക്കിയെറിഞ്ഞ നാളുകള്‍. ഒരു പക്ഷേ ഗോധ്ര കലാപത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപം.

എന്നാല്‍ ഇന്ന് ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരെ ഘോരഘോരം പ്രസംഗിച്ച ഒരു സാഹിത്യപ്രവര്‍ത്തകരെയും രാജ്യത്തെങ്ങും കണ്ടില്ല. രാജ്യത്തിന് തീരാക്കളങ്കമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അപലപിച്ച് കണ്ടില്ല, കോണ്‍ഗ്രസും ഇടതുപക്ഷവും അന്ന് കണ്ണും കാതും പൂട്ടി വെച്ചിരിക്കുകയായിരുന്നോ? ആരെയും കണ്ടില്ല. ഫാസിസത്തിനെതിരെ തൂലികയും ക്യാമറയും ചലിപ്പിച്ച സര്‍വ്വവിജ്ഞാന കോശങ്ങളായ മാധ്യമങ്ങളും സംവാദങ്ങളും നടത്തിക്കണ്ടില്ല.

അന്ന് ഏറ്റുമുട്ടിയവരില്‍ മറുവിഭാഗം ആദിവാസികളായി പോയതുകൊണ്ടാണോ? അസം അസമികള്‍ക്ക് എന്ന് ആക്രോശിച്ച് കൊണ്ട് ആദിവാസികളും മുസ്ലീങ്ങളും ഏറ്റുമുട്ടിയപ്പോള്‍ അവിടുത്തെ നദികള്‍ നിരവധി മാനഭംഗപ്പെട്ട പെണ്‍കുട്ടികളുടെ ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. എന്താ ആരുമൊന്നും അന്ന് പറയാതിരുന്നത്? അസം അസമികള്‍ക്ക് എന്ന ഫാസിസ്സ്റ്റ് മുദ്രാവാക്യത്തിനെതിരെ എന്ത് ചെയ്തു ഇന്നത്തെ ഫാസിസ്റ്റ് വിരോധികള്‍, അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്താന്‍ പോയിട്ട് അന്വേഷിക്കാന്‍ പോലും തുനിയാതിരുന്നതിനെ എന്തുകൊണ്ടാണിവര്‍ ചോദ്യം ചെയ്യാതിരുന്നത്?

മതേതര ഇന്ത്യയെ രണ്ടായി മുറിച്ചതെന്ന് സാംസ്കാരിക നായകന്മാര്‍ വിലപിച്ചതാണല്ലോ ബാബറി സംഭവവും പിന്നീടുണ്ടായ ഗോധ്ര കലാപവും. അന്ന് എത്രപേര്‍ ഇന്ന് കാണിച്ചതുപോലെ ആര്‍ജ്ജവം കാണിച്ചു പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതില്‍. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ എത്ര നിരപരാധികളുടെ രക്തമാണ് രാജ്യതലസ്ഥാനത്ത് ഒഴുകിയത്. സത്യത്തില്‍ പുരസ്കാരം തിരികെ നല്‍കുന്നതിനേക്കാള്‍ അന്ന് അവ തീയില്‍ ഇട്ട് എരിച്ച് ഭരണകൂട ഭീകരതയെ ചെറുക്കുകയല്ലേ ഉണ്ടാകേണ്ടിയിരുന്നത്. തൊണ്ണൂറുകളില്‍ കശ്മീര്‍ പണ്ഡിറ്റുകളെ മതമൌലികവാദികള്‍ പിറന്ന മണ്ണില്‍ നിന്ന് നിഷ്കരുണം ചവിട്ടി പുറത്താക്കിയതിനോട് നിങ്ങള്‍ക്കുള്ള പ്രതികരണമെന്താണ്? അറിയാന്‍ താല്‍പ്പര്യമുണ്ട്. എന്താ അവരും വര്‍ഗീയ ഫാസിസ്റ്റുകളാണോ?

സിഖ് കലാപത്തിന് മൌനാനുവാദം നല്‍കിയ രാജിവ് ഗാന്ധിയില്‍ നിന്ന് പിന്നീട് സാഹിത്യകാരന്മാര്‍ അഭിമാന പുരസരം അവാര്‍ഡുകള്‍ സ്വീകരിച്ചില്ലേ? കിരാതമായ അടിയന്തരാവസ്ഥക്കാലത്ത് എഴുത്ത് പോയിട്ട് പേന പോലും പിടിക്കാന്‍ ഭയപ്പെട്ടിരുന്നവരാണ് പലരും. എന്തിനേറെ അങ്ങകലേക്ക് പോകുന്നു. നമ്മുടെ കേരളത്തിലുണ്ടായിട്ടില്ലേ ഫാസിസത്തിന്റെ ക്രൂരതകള്‍. എന്തേ ആരും പ്രതിഷേധിച്ച് കണ്ടില്ല?

ചേകന്നൂര്‍ മൌലവി വധം, മാറാട് കൂട്ടക്കൊല, ടിപി ചന്ദ്രശേഖരന്‍ കൊലപാതകം, കണ്ണുരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഇവയുടെ സമയത്തൊന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ച പുരസ്കാരങ്ങള്‍ എന്തുകൊണ്ട് ഇന്ന് രംഗത്തുവന്ന സാഹിത്യവ്യക്തിത്വങ്ങള്‍ തിരിച്ചു കൊടുത്തില്ല. ഇതെല്ലാം സര്‍ക്കാര്‍ വിജയകരമായി പരിഹരിച്ച വിഷയങ്ങളാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ ആത്മാര്‍ഥതയുണ്ടോ നിങ്ങള്‍ക്ക്?

ദാദ്രി കൊലപാതകത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രാജിയല്ലേ ആവശ്യപ്പെടേണ്ടിയിരുന്നത്? കല്‍ബുര്‍ഗിയെ കൊന്നതാരുമായിക്കൊട്ടെ, കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസല്ലേ? ഇഷ്‌ടഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടു എന്നാണ് പുരസ്കാരം തിരികെ നല്‍കിയ മായ കൃഷ്ണറാവു പറയുന്നത്. രാജ്യത്ത് 24 സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പിന്നെ ഇവര്‍ എന്തിനാണ് പുരസ്കാരം സ്വീകരിച്ചത്? അന്ന് തോന്നാത്ത സ്വാതന്ത്ര്യം നഷ്‌ടപ്പെടല്‍ ഇപ്പോള്‍ തോന്നിച്ച ബോധിവൃക്ഷത്തൈ ഏതാണാവോ?

നെഹ്രുവിനെതിരായ പുസ്തകം, ഇന്ദിരാഗാന്ധിക്കെതിരായ പുസ്തകങ്ങള്‍, യേശുവിന്റെ അന്ത്യപ്രലോഭനം, നിരവധി നാടകങ്ങള്‍, സിനിമകള്‍, ചിന്തകള്‍ എന്നിവയ്ക്കൊക്കെ നിരോധനം വന്നപ്പോള്‍ അവയ്ക്കെതിരെ എത്ര സാഹിത്യകാരന്മാര്‍, പ്രതിഷേധമായി പേന താഴെ വെച്ചോ? ഇതോന്നും മതേതര, പരമാധികാര, സോഷ്യലിസ്റ്റ് സ്വതന്ത്ര ഇന്ത്യയിലല്ലേ സംഭവിച്ചത്? ചോദ്യങ്ങള്‍ക്ക് പകരം ഫാസിസം, മോഡി, സംഘപരിവാര്‍ എന്നിങ്ങനെ ജ്വരം ബാധിച്ച് പുലമ്പി സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത് എന്തു കൊണ്ടാണ്?

കാരണം വ്യക്തമാണ്. നിങ്ങള്‍ നിഷ്പക്ഷരല്ല, നിങ്ങള്‍ രാഷ്‌ട്രീയക്കാരായ എഴുത്തുകാരാണ്. പുസ്തകം വായിച്ച് നല്ലതെന്ന് തോന്നി തരുന്ന പുരസ്ക്കാരം വേണ്ടെന്ന് വയ്ക്കുന്നത് സ്വന്തം കൃതിക്ക് യാതൊരു മേന്മയുമില്ലെന്ന് സമ്മതിക്കുന്നതിനു തുല്യം തന്നെയാണ്. അതുതന്നെയാണ് ഫലിതവും. ജനം നിങ്ങളെ രാഷ്‌ട്രീയക്കാര്‍ എന്ന് വിളിച്ചാല്‍ അതിശയിക്കേണ്ടതില്ല. കാലത്തിനൊപ്പം ഓടുന്ന നിങ്ങള്‍ കാലത്തിനനുസരിച്ച് പ്രതികരിക്കാതിരുന്നാല്‍ നിങ്ങളുടെ നിഷ്പക്ഷത എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും? നിങ്ങള്‍ എഴുതിയതും പറഞ്ഞതും കണ്ടതും കേള്‍പ്പിച്ചതുമെല്ലാം പക്ഷപാതിയുടെ ദര്‍ശനങ്ങളാണെന്ന് ആരോപിച്ചാല്‍ എന്താണ് നിങ്ങളുടെ മറുപടി?

രാജ്യം നല്‍കിയ പുരസ്കാരം തിരിച്ചേല്‍പ്പിക്കുമ്പോള്‍ പ്രശസ്തി പത്രവും കൂടെക്കിട്ടിയ പാരിതോഷികവും കൂടി തിരികെ നല്‍കുന്നതല്ലേ ഉത്തമം എന്ന് ചോദിക്കുന്നില്ല. പണം, അത് ഒരു ഘടകം തന്നെയാണല്ലോ? ഇവിടെ കാര്യം വ്യക്തമാണ് - ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നത് തന്നെ. മോഡിയാണ് നിങ്ങളുടെ വെറുക്കപ്പെട്ടവന്‍. അതുകൊണ്ട് തന്നെ എല്ലാത്തിന്റെയും ഉത്തരവാദി മോഡി മാത്രമാണ്... മോഡി മാത്രം.

(ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ വെബ്‌ദുനിയയുടെ അഭിപ്രായമല്ല, ലേഖകന്റെ മാത്രം അഭിപ്രായമാണ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :