4,000 വർഷം മുമ്പ് അപ്രത്യക്ഷയായ സരസ്വതി നദി പുനര്‍ജനിച്ചു...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (19:48 IST)
4,000 വർഷം മുമ്പ് ഭൂമിക്കടിയിൽ അപ്രത്യക്ഷയായ സരസ്വതി നദി പുനര്‍ജനിക്കാനൊരുങ്ങുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യനദികളില്‍ ഒന്നായ സരസ്വതി നദി 4000 വർഷം മുമ്പ് നടന്ന ഭൂകമ്പത്തിലാണ്
അപ്രത്യക്ഷയായതെന്നാണ് ഭൌമശാസ്ത്രജ്ഞര്‍ പറയുന്നത്. ഹരിയാനിലെ യമുനനഗറിലെ മുഗൾവാലി ഗ്രാമത്തിലാണ് സരസ്വതി നദിയെ വീണ്ടെടുക്കുന്നതില്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതി ഉണ്ടായിരിക്കുന്നത്.

സർക്കാരിന്റെ നദി പുനർജീവന പദ്ധതി പ്രകാരം സരസ്വതി നദിയെ തിരികെ കൊണ്ടുവരാൻ അപ്രത്യക്ഷയായെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് 80 ആളുകൾ ചേർന്ന് ഏപ്രിൽ ഇറ്റുപത്തി ഒന്നാം തീയതി മുതൽ കുഴിക്കുന്നുണ്ടായിരുന്നു. ഇവരുടെ അധ്വാനത്തിന്റെ ഫലമായി നദി ഭൂമിക്കടിയിൽ നിന്നും കുത്തി ഒലിച്ചു വന്നു. സരസ്വതി വീണ്ടും പ്രത്യക്ഷപ്പെട്ടതിന്റെ ആവേശത്തിലാണ് ഗ്രാമവാസികള്‍.

ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകൾ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകൾ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഐഎസ്ആർഒയുടെ ജോധ്പൂരിൽ ഉള്ള റിമോട്ട് സെൻസിംഗ് സർവീസ് സെൻററിൻറെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകൾക്കിടയിൽ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാൻ സാധിയ്ക്കും. എന്നാൽ ഇതിനു മുൻപേയുള്ള നദീഭാഗം എവിടെയാണ് എന്ന് ആർക്കും അറിവില്ല. ഈ ദുരൂഹതകള്‍ക്ക് അറുതി വരുത്തുന്ന വിജയമാണ് ഹരിയാനയില്‍ ഉണ്ടായിരിക്കുന്നത്.

2002ലെ എന്‍‌ഡി‌എ സര്‍ക്കാരിന്റെ കാലത്താണ് സരസ്വതിയെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് തുടങ്ങിയത്. എന്നാല്‍ ഒന്നാം യു‌പി‌എ സര്‍ക്കാരിന്റെ കാലത്ത് ഇത് നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ബിജെപി അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും പുനര്‍ജനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :