ഒടുവില്‍ അക്കാദമി മൌനം വെടിഞ്ഞു...എഴുത്തുകാര്‍ക്കെതിരായ ആക്രമണത്തിനെതിരെ പ്രമേയം

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (16:06 IST)
വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ സാഹിത്യ അക്കാദമി തുടരുന്ന മൗനത്തിനെതിരെ എഴുത്തുകാരുടെ പ്രതിഷേധം ഫലംകണ്ടു. ഇന്നു ചേര്‍ന്ന അക്കാദമി നിര്‍വാഹിക സമിതി യോഗം മൂന്നു പ്രമേയങ്ങള്‍ പാസാക്കിയാണ് സാഹിത്യകാരന്മാരുടെ പ്രതിഷേധത്തോട് യോജിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എഴുത്തുകാര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു.

കന്നഡ സാഹിത്യകാരനായ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും ദാദ്രിസംഭവത്തിലും പ്രതിഷേധിച്ച് പ്രമുഖ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അക്കാദമിയുടെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയവരോട് അത് തിരിച്ച് വാങ്ങണമെന്നും രാജിവെച്ചവരോട് രാജി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടും രാജ്യത്തെ സാംസ്‌ക്കാരിക ഫാസിസത്തെ അപലപിച്ചുകൊണ്ടും കൊല്ലപ്പെട്ട എഴുത്തുകാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും മൂന്ന് പ്രമേയങ്ങളും ഇന്നത്തെ യോഗത്തില്‍ പാസാക്കി.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും സാംസ്‌കാരിക ഫാസിസത്തിലും അപലപിക്കുന്നതായിരുന്നു ആദ്യത്തെ പ്രമേയം. കല്‍ബുര്‍ഗിയുടെ കൊലപാതകമടക്കം എഴുത്തുകാര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചും പ്രമേയം പാസാക്കിയ അക്കാദമി എഴുത്തുകാര്‍ തിരിച്ചുനല്‍കിയ പുരസ്‌കാരങ്ങള്‍ മടക്കിവാങ്ങണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി

കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലുമടക്കം രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ അക്കാദമി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരായ ഗീത ഹരിഹരനും കേകി ദാരുവാലയുമാണ് പ്രമേയം കൊണ്ടുവന്നത്.
പുരസ്‌ക്കാരങ്ങള്‍ തിരിച്ചുകൊടുത്ത സാഹിത്യകാരന്മാരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. നല്‍കിക്കഴിഞ്ഞ അവാര്‍ഡുകള്‍ തിരിച്ചെടുക്കാന്‍ അക്കാദമിക്കാവില്ല.

സാഹിത്യകാരന്മാരുടെ വികാരം മനസിലാക്കുന്നു. അതു കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. അതിനാല്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കിയവര്‍ അത് തിരിച്ചെടുക്കണം. രാജിവെച്ചവര്‍ രാജി പിന്‍വലിക്കണം. അക്കാദമി യോഗം ആവശ്യപ്പെട്ടു. അതേസമയം എഴുത്തുകാരുടെ പ്രതിഷേധം സാഹിത്യ അക്കാദമിയില്‍ വിഭാഗീയതയ്ക്ക് കാരണമായെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം സി.രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് അക്കാദമി ദുര്‍ബലമായി. ഇപ്പോള്‍ പ്രതിഷേധിച്ച് രാജിവെക്കുന്നവര്‍ പലരും സര്‍വകലാശാല പ്രൊഫസര്‍മാരാണ്. അവര്‍ എന്തുകൊണ്ട് ആ സ്ഥാനം രാജിവെക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

അക്കാദമിയില്‍ നിന്ന് രാജിവെക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണ്. അത് ആഭാസമാണ്. അവാര്‍ഡ് വാങ്ങിയ സമയത്ത് അത് അവരുടെ പ്രശസ്തിയും റോയല്‍റ്റിയും വര്‍ധിപ്പിച്ചു. ഇപ്പോള്‍ തിരിച്ച് കൊടുത്തും പ്രശസ്തി വര്‍ധിപ്പിക്കുന്നു. എങ്ങനെയാണ് അവാര്‍ഡ് തിരിച്ച് കൊടുക്കുക. 20 വര്‍ഷം മുമ്പ് കഴിച്ച ചോറ് ഇപ്പോള്‍ ശര്‍ദ്ദിച്ച് തിരികെ കൊടുക്കുമോ എന്നും രാധാകൃഷ്ണന്‍ ചോദിച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാരാണെന്നും അക്കാദമിക്ക് അതിലൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാര്‍ക്കെതിരെ വരെ അതിക്രമം നടന്നിട്ടുപോലും അക്കാദമി നിശബ്ദമായിരുന്നാണ് സാഹിത്യകാരന്മാരെ പ്രകോപിപ്പിച്ചത്. രണ്ടു മാസത്തിനകം 34 എഴുത്തുകാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചനല്‍കിയും അക്കാദമി സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞുമാണ് പ്രതിഷേധിച്ചത്. പ്രശസ്ത എഴുത്തുകാരി സാറാജോസഫ് അടക്കം രാജ്യമാകമാനം 35 ഏഴുത്തുകാരാണ് ഇതുവരെ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. സച്ചിദാനന്ദനും
പി.കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചിരുന്നു.

പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കല്‍ബുര്‍ഗി വധത്തില്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയുണ്ടായി.

അക്കാദമി യോഗത്തിന് മുമ്പ് ഒരു കൂട്ടം എഴുത്തുകാര്‍ അക്കാദമിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം എഴുത്തുകാരാണ് ഡല്‍ഹിയില്‍ സംഘടിച്ചത്. കൂടാതെ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെതിരെയും പ്രതിഷേധ കൂട്ടായ്മ അക്കാദമിക്കു മുന്നില്‍ ഉണ്ടായിരുന്നു. അവാര്‍ഡ് തിരികെ നല്‍കുന്ന വിഷയത്തില്‍ അക്കാദമിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :