ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ നിന്ന് പണമുണ്ടാക്കാന്‍ ‘സാഗര്‍ മാല’യുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 27 മാര്‍ച്ച് 2015 (13:41 IST)
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന 700ല്‍ അധികം ചെറു ദ്വീപുകള്‍ വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കി വികസിപ്പിച്ച് വരുമാന മാര്‍ഗമുണ്ടാകാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലെ എല്ലാ തുറമുഖങ്ങളും ആഗോള നിലവാരത്തില്‍ വികസിപ്പിച്ച് റോഡ്, റയില്‍, വിമാന മാര്‍ഗങ്ങളിലൂടെയും ജലപാതകളിലൂടെയും ബന്ധിപ്പിക്കുന്ന 'സാഗര്‍മാല പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക.

ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആള്‍താമസമില്ലാത്തവ ഉള്‍പ്പെടെ 1,208ല്‍ അധികം ദ്വീപുകളും 185 ലൈറ്റ്ഹൌസുകളുമുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള സാധ്യതാ പഠനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം - കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു

അതേസമയം വിനോദ സഞ്ചാരത്തിനു പുറമേ സിനിമാ നിര്‍മാണം, സമുദ്ര സുരക്ഷ, കാറ്റ്, സൂര്യന്‍ എന്നിവയില്‍ നിന്നുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനം എന്നിവയും ഈ വികസനപദ്ധതികളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും സൂചനയുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്നതിനപ്പുറം ഈ ദ്വീപുകളിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയുക, അനാവശ്യ സുരക്ഷാ ഭീഷണി ഒഴിവാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ ഇതിന് പാരിസ്ഥികാനുമതി ലഭ്യമാക്കാനുള്ള കടമ്പ കേന്ദ്രസര്‍ക്കാരിന് കടക്കേണ്ടതൂണ്ട്. ഈ ദ്വീപുകളുടെ സമീപത്ത്
വസിക്കുന്ന ദ്വീപ ഗോത്രങ്ങളുടെ ജീവിതത്തെ ഈ വികസന പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കുന്നില്ല എന്നുറപ്പു വരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്. 2003ല്‍ മുന്‍ വാജ്പേയി സര്‍ക്കാര്‍ വിഭാവനം ചെയ്തതാണ് ‘സാഗര്‍ മാല’ പദ്ധതി.

സൌകര്യങ്ങളിലും കാര്യക്ഷമതയിലും ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളോടു കിടപിടിക്കാന്‍ രാജ്യത്തെ തുറമുഖങ്ങളെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ജലപാതകള്‍കൂടി വികസിപ്പിക്കുകയും ഗതാഗതവും ചരക്കു നീക്കവും അവയിലേക്കു തിരിച്ചുവിടുകയും ചെയ്യുകയെന്ന ആശയം കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അതിനോടു കൂട്ടിച്ചേര്‍ത്തിരുന്നു. പദ്ധതി പൂര്‍ണ തോതില്‍ നടപ്പിലാകുന്നതൊടെ രാജ്യത്തിന്റെ അടിസ്ഥാന സൌകര്യ മേഖലയില്‍ വന്‍ വിപ്ലവമാണ് വരാന്‍ പോകുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :