ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ച് ജനുവരിയിൽ പരിഗണിക്കും !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 21 ഡിസം‌ബര്‍ 2019 (20:44 IST)
ഡല്‍ഹി: യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ പരിഗണിക്കും. ഹര്‍ജികള്‍ കൈമാറുന്നതോടെ ശബരിമല കേസില്‍ ഏഴംഗ വിശാല ബെഞ്ചായിരിക്കും അന്തിമ വിധി പറയുക. കേസിലെ എല്ലാ കക്ഷികളോടും നാലുസെറ്റ് പേപ്പര്‍ബുക്ക് കൂടി​കൈമാറാന്‍ രജിസ്ട്രാർ നിര്‍ദേശം നൽകി. ജനുവരി മൂന്നാം വാരം കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചതായാണ് റിപ്പോർട്ടുകൾ.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയുടെ ഏഴംഗ വിശാല ബെഞ്ച് പരിഗണിക്കുന്നത്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും, 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കക്ഷികള്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

വിധി നടപ്പിലാക്കുന്നതിൽ സാവകാശം തേടികൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജിയും വിശാല ബെഞ്ചിന് മുൻപിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഏഴംഗ വിശാല ബെഞ്ച് ഇതുരെയും രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യ വാരത്തോടെ വിശാല ബെഞ്ച് രൂപീകരിച്ചേക്കും. ചീഫ് ജെസ്റ്റിസിന്റെ അധ്യക്ഷതയിലുള്ളതായിരിക്കും വിശാല ബെഞ്ച്. യുവതി പ്രവേശനത്തിൽ നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലാ എന്നും അതേസമയം വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത് വരെ യുവതികൾ ക്ഷമ കാണിക്കനം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :