അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 മെയ് 2021 (12:53 IST)
കൊവിഡിന്റെ രണ്ടാം വ്യാപനം മുൻകൂട്ടി കാണുന്നതിൽ കേന്ദ്രത്തിന് സംഭവിച്ച പിഴവിലും അത് നേരിടുന്നതിൽ സംഭവിച്ച പോരായ്‌മകളിലും ബിജെപി ആർഎസ്എസ് അണികളിൽ അസ്വസ്ഥത സൃഷ്‌ടിച്ചിട്ടുള്ളതായി റിപ്പോർട്ട്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗാളിൽ പോയത് തെറ്റായ സന്ദേശം നൽകിയതായി ബിജെപിയുടെ മുതിർന്ന അംഗങ്ങളിൽ നിന്നും അഭിപ്രായമുണ്ട്.
അതേസമയം സര്‍ക്കാരിന്റെ വീഴ്ചയാണ് ഇന്ത്യയില്‍ കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമാക്കിയതിന്റെ പ്രധാന കാരണമെന്ന് വിദേശ ഏജന്‍സികളിൽ തുടരെ റിപ്പോർട്ട് വരുന്നുണ്ട്. രാജ്യാന്തര മേഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് തങ്ങളുടെ മുഖപ്രസംഗത്തിൽ തന്നെ ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഹൈക്കോടതികളിൽ നിന്നും സുപ്രീം കോടതികളിൽ നിന്നുമുള്ള തിരിച്ചടികളും അണികൾക്കിടയിൽ അതൃപ്‌തി സൃഷ്‌ടിക്കുന്നുണ്ട്.
അടുത്തവർഷം യുപി തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവവികാസങ്ങൾ തിരെഞ്ഞെടുപ്പിൽ തിരിച്ചടിയാവുമോ എന്നും ആർഎസ്എസ് ഭയക്കുന്നുണ്ട്. യുപി പഞ്ചായത്ത് തിരെഞ്ഞെടുപ്പ് ഫലം അനുകൂലമാക്ആത്തതും യുപിയിലെ ഓക്‌സിജൻ ക്യ്റവ് ചൂണ്ടികാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്ര മന്ത്രി സന്തോഷ് ഗംഗ്വാര്‍ കത്തെഴുതിയതുമെല്ലാം പാർട്ടിയ പ്രതികൂലമായി ബാധിക്കും എന്നാണ് കണക്കാക്കുന്നത്.