ട്രെയിനില്‍ കയറിയാല്‍ മാസ്‌ക് മാറ്റുന്നവരാണോ നിങ്ങള്‍? പിഴയടക്കേണ്ടിവരും

ന്യൂഡല്‍ഹി| നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 17 ഏപ്രില്‍ 2021 (16:06 IST)

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യമന്ത്രാലയം. പോസിറ്റീവ് കേസുകള്‍ അതിവേഗം കുതിച്ചുയരും. പൊതുസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണത്തില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദിവസവും ആയിരക്കണക്കിനു ആളുകള്‍ തടിച്ചു കൂടുന്ന സ്ഥലമാണ് റെയില്‍വെ സ്റ്റേഷനുകള്‍. അതുകൊണ്ട് തന്നെ രോഗവ്യാപന സാധ്യതയും കൂടുതലാണ്. റെയില്‍വെ സ്റ്റേഷനുകളില്‍ മാസ്‌ക് ധരിക്കാതെ നിന്നാല്‍ ഇനി കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്താന്‍ ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചു. റെയില്‍വെ സ്റ്റേഷനുകളില്‍ തുപ്പുന്നവര്‍ക്കും 500 രൂപ പിഴയടയ്‌ക്കേണ്ടിവരും.

ട്രെയിനില്‍ കയറി അവരവരുടെ സ്ഥലത്ത് ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ മാസ്‌ക് ധരിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നവരും നമുക്കിടയിലുണ്ട്. പല ട്രെയിനുകളിലും കാണുന്ന കാഴ്ചയാണിത്. എന്നാല്‍, ഇത്തരക്കാരും ഇനി സൂക്ഷിക്കണം. ട്രെയിനില്‍ കയറിയാലും മാസ്‌ക് നിര്‍ബന്ധമാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാത്താവര്‍ക്കും റെയില്‍വെ 500 രൂപ പിഴ ചുമത്തും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ആറ് മാസത്തേയ്ക്ക് ഈ നിയന്ത്രണങ്ങള്‍ തുടരാനാണ് റെയില്‍വെയുടെ തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :