ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (09:27 IST)
ഇന്ത്യയും നേപ്പാളുമായുള്ള ബന്ധത്തിന് ഹിമാലയവും ഗംഗയും പോലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തടസമല്ല പാലമാണാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നേപ്പാളിലെ പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിലെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.
അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സഹായം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നേപ്പാളിലെത്തിയ പ്രധാനമന്ത്രി, ഭരണഘടന അസംബ്ലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 17 വര്‍ഷത്തിന് ശേഷം നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.
ഇതിനുപുറമേ മൂന്ന് കരാറുകളിലും മോഡിയും നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയും ഒപ്പിട്ടു. നേരത്തേ 25 കോടി ഡോളറിന്റെ (1,500 കോടി രൂപ) സഹായം എക്‌സിം ബാങ്ക് വഴി നല്‍കുമെന്ന്
ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേയാണ് 6,000 കോടിയുടെ സഹായമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നേപ്പാളിന്റെ വികസനം ഹിമാലയത്തോളം ഉയരണമെന്നതാണ് അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ആഗ്രഹമെന്ന് മോDi പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിലല്ല പകരം നിങ്ങളെടുക്കുന്ന തീരുമാനങ്ങളില്‍ കൂടെ നിന്നു സഹായിക്കേണ്ടതാണ് ഞങ്ങളുടെ കടമയെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. പച്ചില മരുന്നുകള്‍ കയറ്റിയയക്കുന്നതിന് നേപ്പാളിനെ പിന്‍തുണയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.