വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2020 (09:24 IST)
ഡൽഹി: കേരളം ഉൾപ്പടെ അടുത്ത വർഷം ഏപ്രിൽ മെയ് മാാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിയ്കുന്ന സാംസ്ഥാനങ്ങളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്‌ട്രോണിക് പോസ്റ്റൽ വോട്ട് സംവിധാനം ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസികൾക്ക് ഇലക്ട്രിക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിന് സാങ്കേതികമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചു.
ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും കേന്ദ്ര
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്ന പ്രവാസികൾ റിട്ടേണിങ് ഓഫീസറെ വിവരം അറിയിയ്ക്കണം. ഇതോടെ റിട്ടേണിങ് ഓഫീസർ ബാലറ്റ് പേപ്പർ ഇ-മെയിൽ വഴി വോട്ടർക്ക് അയച്ചുനൽകും. ഇത് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിയ്ക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രത്തോടെ തിരികെ അയയ്ക്കണം.
എന്നാൽ ബാലറ്റ് പേപ്പർ മടക്കി അയയ്ക്കേണ്ടത് തപാൽ വഴിയാണോ, അതോ ഇന്ത്യൻ എംബസിയിൽ ഏൽപ്പിച്ചാൽ മതിയോ എന്നത് വ്യക്തമല്ല. ചീഫ് ഇലക്ട്രൽ ഓഫീസർമാർക്കായിരിയ്ക്കും പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിയ്ക്കേണ്ടതിന്റെ ഉത്തരവദിത്വം. എന്നാൽ നിലവിൽ സർവീസ് വോട്ടർമാർക്ക് മാത്രമാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനാവുക. 1961 ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാാർ ഭേദഗതി കൊണ്ടുവന്നാൽ മാത്രമേ പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ട് ബാധകമാകു. ഈ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.