Last Modified ബുധന്‍, 31 ജൂലൈ 2019 (14:12 IST)
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്ക്ക് ഉന്നാവോ പെണ്‍കുട്ടിയച്ച കത്ത് മറച്ച് വച്ചത് സുപ്രീംകോടതി ജീവനക്കാരെന്ന് സൂചന. തനിക്കയച്ച കത്ത് ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി സുപ്രീംകോടതി സെക്രട്ടറി ജനറലില്‍ നിന്നും വിശദീകരണം തേടി. കത്ത് നാളെ സുപ്രീംകോടതി പരിഗണിക്കും.
ജൂലൈ ഏഴിനും എട്ടിനും ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനും അനുയായികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് അറിയിച്ചാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിക്ക് കത്തെഴുതിയത്. പക്ഷെ കത്ത് ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയില്ല. ഇന്നലെ മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യമറിഞ്ഞതെന്ന് ചീഫ് ജസ്റ്റിസിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.യുടെ ആളുകള്‍ തങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടതായി വ്യക്തമാക്കുന്ന പരാതികളിൽ പക്ഷേ യാതോരു നടപടിയും ഉണ്ടായിട്ടില്ല. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും അറസ്റ്റു ചെയത് ജയിലിലിടുകയും ചെയ്ത ശേഷമാണ് ഭീഷണി വർധിച്ചതെന്ന് ഇവർ പറയുന്നു.
എം എൽ എയുടെ ആളുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ വ്യക്തമാക്കുന്നു. പരാതികള്‍ രജിസ്‌ട്രേഡ് പോസ്റ്റായിട്ടും പോലീസിന്റെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയുമാണ് നല്‍കിയതെന്നാണിവർ പറയുന്നത്.