ദുബൈ|
Aiswarya|
Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (08:34 IST)
പ്രമുഖ പത്രപ്രവർത്തക റാണ അയ്യൂബിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യു എ ഇ കമ്പനിയില്‍ നിന്ന് പുറത്താക്കി. ആൽഫാ പെയിൻറ് കമ്പനിയില്‍ സേവന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബിൻസിലാൽ എന്ന യുവാവിനാണ് പുറത്താക്കിയത്.
എന്നാല്‍ ഇയാളുടെ സന്ദേശങ്ങളിൽ ചിലത് ഏപ്രിൽ ആറിന് റാണ ട്വിറ്ററിലൂടെ പുറത്തുവിട്ടു. മാലിന്യത്തിന്റെ സാമ്പിളാണിതെന്ന് കാണിച്ച് പുറത്തുവിട്ട ട്വീറ്റിന്റെ കോപ്പി സഹിതം പിറ്റേന്ന് കമ്പനി മാനേജ്മെൻറിന് മുന്നിൽ പരാതിയായി എത്തുകയായിരുന്നു. തുടർന്ന് സ്ഥാപനം ഇക്കാര്യം പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലായത്.
കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങൾക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നു.
പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തിൽ 24 മണിക്കൂറിനകം ഇയാൾക്ക് പുറത്താക്കൽ നോട്ടീസ് നൽകി വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച് ആർ വിഭാഗം അറിയിച്ചു.
യു എ ഇയിൽ സ്ത്രീകൾക്ക് മികച്ച സുരക്ഷയുണ്ടെന്ന് പലപ്പോഴും കേട്ടിട്ടുണ്ടെന്നും ഇപ്പോൾ വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്നും അഭിപ്രായപ്പെട്ട റാണ അടിയന്തിര നടപടി സ്വീകരിച്ച കമ്പനിക്കും യു എ ഇ സർക്കാറിനും അഭിനന്ദനങ്ങളറിയിച്ചു.