പൊലീസ് ഞെട്ടി; രാം‌പാലിന്റെ ആശ്രമത്തില്‍ ആയുധങ്ങള്‍ മുതല്‍ ഗര്‍ഭപരിശോധനാ കിറ്റ് വരെ!

ചണ്ഡീഗഢ്| Last Modified ശനി, 22 നവം‌ബര്‍ 2014 (11:39 IST)
വിവാദ ആത്മീയ ആചാര്യന്‍ രാംപാലിന്റെ ആശ്രമം റെയ്‌ഡ് ചെയ്ത പൊലീസ് ഞെട്ടി. ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും മുതല്‍ ഗര്‍ഭപരിശോധനാ കിറ്റുകള്‍ വരെ. ആഡംബരമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്നതും. തോക്കുകള്‍ക്കു പുറമെ, പെട്രോള്‍ ബോംബുകള്‍, ആസിഡ് സിറിഞ്ചുകള്‍, മുളക് ഗ്രനേഡുകള്‍ എന്നിവയാണ് പൊലീസ് കണ്ടെത്തിയ പ്രധാന ആയുധങ്ങള്‍. 0.32 ബോര്‍ റിവോള്‍വറുകള്‍, 19 എയര്‍ ഗണ്ണുകള്‍, 0.12 ബോര്‍ റൈഫിളുകള്‍, രണ്ട്‌ 0.135 ബോര്‍ റൈഫിളുകള്‍, മുളക്‌ ഗ്രനേഡുകള്‍, കാട്രിഡ്‌ജുകള്‍ എന്നിവ കണ്ടെടുത്തതായാണ്‌ പൊലീസ്‌ അധികൃതര്‍ വ്യക്‌തമാക്കിയത്‌.

രാജസ്‌ഥാന്‍, ഛത്തീസ്‌ഗഡ്‌, യുപി, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള 865 പേര്‍ പോലീസ്‌ കസ്‌റ്റഡിയിലായിട്ടുണ്ട്‌. ആശ്രമത്തില്‍ രാംപാലിന്റെ മുറിക്ക് തൊട്ടടുത്തു നിന്നാണ് ഗര്‍ഭ പരിശോധനാ കിറ്റുകള്‍ കണ്ടെത്തിയത്.

ആശ്രമത്തിലെ കുളിമുറികളിലൊന്നില്‍ അബോധാവസ്ഥയിലായ നിലയില്‍ ഒരു യുവതിയെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മധ്യപ്രദേശിലെ അശോക് നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള ബിജ്ലേഷ് എന്ന യുവതിയാണ് ഇവരെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്.

കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ആശ്രമത്തിലുണ്ടായിരുന്നത്. ഇതിനായി കരുത്തുറ്റ കോട്ടകള്‍ കെട്ടിയാണ് ആശ്രമം സംരക്ഷിച്ചിരുന്നത്. ആശ്രമത്തിന് നടുവില്‍ രാംപാലിന് ഇരിക്കാനായി തയാറാക്കിയ പ്രത്യേക ഇരിപ്പിടത്തിന് താഴെയാണ് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവിടം ഒരു പ്രത്യേക മുറിയായി രൂപപ്പെടുത്തി ബാഗുകളിലും അലമാരകളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്.

ആശ്രമത്തിന് നടുവില്‍ ഹൈഡ്രോളിക് ഇരിപ്പിടമാണ് രാംപാല്‍ ഉപയോഗിച്ചിരുന്നത്. ബുള്ളറ്റ് പ്രൂഫ് സൌകര്യമുള്ള കാബിനിലായിരുന്നു രാംപാലിന്റെ ഇരിപ്പിടം. ആശ്രമത്തിന് നടുവിലുള്ള 50,000 പേരെ വരെ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥന ഹാള്‍. ഇവിടെങ്ങും ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി 3ഡി പ്രൊജക്ടറുകളുമുണ്ട്.

ഒരു സ്വകാര്യ നീന്തല്‍ക്കുളം, ആധുനിക സൌകര്യങ്ങളോടു കൂടിയ എലവേറ്ററുകള്‍, 24 എസി മുറികള്‍ എന്നിവ ആശ്രമത്തിലുണ്ടായിരുന്നു. മുറികളിലൊന്നില്‍ മസാജിംഗിനുള്ള സംവിധാനങ്ങളും മറ്റൊന്നില്‍ വ്യായാമ കേന്ദ്രവും ഉള്ളതായി കണ്ടെത്തി.

നിരവധി ഹെല്‍മറ്റുകളും വടികളും 800 ലിറ്റര്‍ ഡീസലുള്‍ക്കൊള്ളുന്ന രണ്ട് ടാങ്കുകളും കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി ആശ്രമം മുഴുവന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.

അത്യാധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കളയും കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തേക്ക് ഒരു ലക്ഷം പേരെ തീറ്റിപ്പോറ്റാവുന്നത്ര വലുതാണ് അടുക്കളയിലെ സൌകര്യങ്ങള്‍. ഒരു സമയം 1,000 റൊട്ടികള്‍ വരെ നിര്‍മിക്കാവുന്ന യന്ത്രവും ഇതില്‍പെടുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :