അധോലോക സംഘങ്ങളുടെ വെടിവെപ്പിനിടയില്‍ വാഹനാപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഗുഡ്‌ഗാവ്| JOYS JOY| Last Modified ബുധന്‍, 15 ജൂലൈ 2015 (16:14 IST)
ഡല്‍ഹി ഗുഡ്‌ഗാവിലെ എം ജി റോഡില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിനിടെ എസ് യു വി വാഹനം ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അധോലോക സംഘാംഗമെന്ന് കരുതുന്ന രാകേഷ് ഹയാത്‌പുറിനു നേര വെടിവെപ്പ് ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അപകടം ഉണ്ടായത്.

കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്കു പോയ രാകേഷിനു നേരെ കാറിലെത്തിയ മറ്റൊരു സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനം വെട്ടിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

എസ് യു വി വാഹനത്തിന് അടിയില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.

വെടിയേറ്റ രാകേഷ് ചികിത്സയിലാണ്. അധോലോക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് വെടിവെപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :