2016ല്‍ രാജ്യസഭയിലും കേന്ദ്രസര്‍ക്കാര്‍ ഭൂരിപക്ഷമാകും

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:29 IST)
ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാതെ വരുന്നത് രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാലാണ്. ബിജെപിയുടെ ഈ നിസഹായതയാണ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിനെ സഹായിക്കുന്നത്. എന്നാല്‍ ഇത് അധിക കാലം നീണ്ടുനില്‍ക്കില്ല എന്നാണ് വിവരം.

അടുത്ത വര്‍ഷം രാജ്യസഭയില്‍ ബിജെപി നയിക്കുന്ന എന്‍‌ഡി‌എ സഖ്യം ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2016 ജൂലൈ ആകുമ്പോഴേക്കും രാജ്യസഭയില്‍ എന്‍ഡി‌എ അംഗങ്ങളുടെ പ്രാതിനിധ്യം 62ല്‍ നിന്ന് 73ലേക്ക് ഉയരുമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത ജൂലൈ ആകുമ്പോഴേക്കും രാജ്യസഭയില്‍ 76 എം‌പിമാരുടെ ഒഴിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

73 അംഗങ്ങളുമായി എന്‍‌ഡി‌എ ഏറ്റവും വലിയ സഖ്യമാകുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 109ല്‍ നിന്ന് 94 ആയി കുറയും. 73 അംഗങ്ങള്‍ ഉണ്ടെങ്കിലും ബില്ലുകള്‍ പാസാക്കാന്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ സര്‍ക്കാരിന് വേണ്ടിവരും. ഇതിനായി ബിജെഡി, എ‌ഐഡി‌എം‌കെ, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരെ പിണക്കാതിരിക്കേണ്ടിവരും.

എങ്കിലും നിലവില്‍ പ്രതിപക്ഷം എതിര്‍ക്കുന്ന പല വിഷയങ്ങളിലും ഈ കക്ഷികള്‍ക്ക് വിയോജിപ്പിള്ളതിനാല്‍ സര്‍ക്കാരിന്റെ ബില്ലുകള്‍ വേഗത്തില്‍ പാസാക്കിയെടുക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :