പ്രധാനമന്ത്രി മൗനവ്രതത്തില്‍; മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും: കോൺഗ്രസ്

 സോണിയ ഗാന്ധി , ബിജെപി ,നരേന്ദ്ര മോഡി ,  പാർലമെന്റ്
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (11:16 IST)
പാര്‍ലമെന്റ് സ്തംഭനം ഒഴിവാകാന്‍ സാധ്യതയില്ലെന്ന സൂചനകളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ആരോപണങ്ങളിൽ കുടുങ്ങിയ മന്ത്രിമാരെ മാറ്റാൻ ബിജെപി തയാറായില്ലെങ്കിൽ കൂടുതല്‍ ശക്തമായി പ്രതിഷേധം നടത്തും. സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗന വ്രതത്തിലാണെന്നും കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി. പാർലമെന്റിലെ പ്രതിഷേധം ഒഴിവാക്കാൻ ഇന്നു സർവകക്ഷിയോഗം ചേരാനിരിക്കെ കോൺഗ്രസ് എംപിമാരുടെ യോഗത്തിലാണ് സോണിയ ശക്തമായ നിലപാടെടുത്തത്.

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, സർക്കാരിന്റെ സുതാര്യതയും ആർജവത്വവും ഉത്തരവാദിത്വവും തുടങ്ങി അവകാശവാദമുന്നയിക്കാനുള്ള ഒരവസരവും വിടില്ല. മറുവശത്ത് മന്ത്രിക്കും രണ്ടു മുഖ്യമന്ത്രിമാർക്കുമെതിരായ ആരോപണങ്ങളിൽ മൗനം ഭജിക്കുന്നു. ഇതു സംശയത്തിനിടയാക്കുന്നു, സോണിയ വ്യക്തമാക്കി.

മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം നേരിടുന്ന സുഷമ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെയുടെയും വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന്റെയും രാജിയാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന ആവശ്യം. ഇതിന് വഴങ്ങില്ലെന്ന നിലപാടിലാണ് ബിജെപി സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :