1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajnath singh essential goods supply west asia crisis

പശ്ചിമേഷ്യൻ പ്രതിസന്ധി: അവശ്യസാധന ലഭ്യത ഉറപ്പാക്കുമെന്ന് രാജ്നാഥ് സിങ്; ആശങ്ക വേണ്ടെന്ന് കേന്ദ്രം

രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.

Rajnath Singh
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ അവശ്യസാധനങ്ങളുടെയും ഊര്‍ജ്ജ വിഭവങ്ങളുടെയും ലഭ്യത കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി യോഗത്തിലാണ് (IGoM) നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്. ആഗോള തലത്തില്‍ വിതരണ ശൃംഖലകളില്‍ തടസ്സങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ധനത്തിനോ മറ്റ് അവശ്യസാധനത്തിനോ ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പുനല്‍കി.
 
രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ഇന്ത്യയുടെ പക്കല്‍ നിലവില്‍ താഴെ പറയുന്ന കരുതല്‍ ശേഖരമുണ്ട്. അസംസ്‌കൃത എണ്ണയുടെ 60 ദിവസത്തേക്കുള്ള കരുതല്‍ ശേഖരമാണ് രാജ്യത്തുള്ളത്. 60 ദിവസത്തേക്കുള്ള പ്രകൃതി വാതകവും 45 ദിവസത്തേക്കുള്ള എല്‍പിജിയും രാജ്യത്തിനുണ്ട്. ആഗോള വിപണിയില്‍ എണ്ണവിലയില്‍ വ്യതിയാനങ്ങളുണ്ടെങ്കിലും രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതെ നോക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
 
 ഊര്‍ജത്തിന് പുറമെ വളം, ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ വിതരണവും യോഗം ചര്‍ച്ച ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വളം നിലവില്‍ ആവശ്യത്തിലധികം ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി വിതരണ ശൃംഖലകളെ ബാധിക്കാതിരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും സുരക്ഷിതമായ വ്യാപാര പാതകള്‍ ഉറപ്പാക്കാന്‍ നാവികസേന ജാഗ്രത പാലിക്കുമെന്നും മന്ത്രി അറിയിച്ചു.
 
ഇന്ധന ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും വിവിധ മന്ത്രാലയങ്ങളോടും രാജ്‌നാഥ് സിങ് നിര്‍ദ്ദേശിച്ചു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, അനാവശ്യമായ വിദേശ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികളിലൂടെ വിദേശനാണയ ശേഖരം സംരക്ഷിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. ആഗോള പ്രതിസന്ധികളെ അതിജീവിക്കാന്‍ രാജ്യം സജ്ജമാണെന്നാണ് രാജ്‌നാഥ് സിങ്ങും വ്യക്തമാക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ കാരണം ഇതാണ്