അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (13:50 IST)
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ഉൾപ്പടെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കികൊണ്ടുള്ള
രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന വിവാദ വിവാഹ ഭേദഗതി
ബിൽ പിൻവലിച്ചു. സർക്കാർ കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും രാജ്യമെമ്പാടുമുള്ള പ്രതിപക്ഷവും സാമൂഹിക ക്ഷേമ സംഘടനകളും ഇതിനെ എതിർക്കുകയായിരുന്നു.
രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 8 ഭേദഗതി ചെയ്‌ത് കൊണ്ടായിരുന്നു അശോക് ഗെഹ്‌ലോട്ട് സർക്കാർ കൊണ്ടുവന്ന ബിൽ. വധു 18 വയസ്സിന് താഴെയും വരൻ 21 വയസ്സിന് താഴെയുമാണെങ്കിൽ” വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ഭേദഗതി ചെയ്ത പതിപ്പിൽ പറയുന്നു. 2009ൽ ഇത് 21 വയസായിരുന്നു.
തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ബാലികാ ദിന പരിപാടിയിലാണ് മുഖ്യമന്ത്രി
അശോക് ഗെലോട്ട് നിയമം പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സാമൂഹ്യക്ഷേമ സംഘടനകൾ ശൈശവവിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ വ്യവസ്ഥയുടെ നിയമസാധുത ചോദ്യം ചെയ്യുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. കൂടാതെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്‌തതോടെയാണ് നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറായത്.