അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:17 IST)
ഐപിഎല്ലിൽ ഇന്ന്
രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ നിർണായക പോരാട്ടം. വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തിൽ തോൽക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുമെന്നതാണ് ഇന്നത്തെ മത്സരത്തെ ആവേശകരമാക്കുന്നത്.
മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഇരു ടീമുകളും പിന്നിലാണ്. ടൂർണമെന്റിലെ മുന്നോട്ട് പോകലിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ഇരു ടീമുകൾക്കും ജയിക്കേണ്ടതുണ്ട്.
അതേസമയം നായകൻ രോഹിത് ശർമ, പുതിയ ബാറ്റിങ് സെൻസേഷൻ സൂർയകുമാർ യാദവ് എന്നിവരുടെ മോശം ഫോമാണ് മുംബൈയെ വലയ്ക്കുന്നത്. ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും മുംബൈയിലാണ് എന്നതും മത്സരത്തെ പ്രാധന്യമുള്ളതാക്കുന്നു.
അതേസമയം സ്ഥിരതയില്ലായ്‌മ മുഖമുദ്രയാക്കിയ രാജസ്ഥാൻ തങ്ങളുടെ ദിവസം ഏത് വമ്പനെയും പരാജയപ്പെടുത്തുന്ന ടീമാണ്. ഓപ്പണിങ് ജോഡി ഇന്ന് മുംബൈയ്ക്കെതിരെയും തിളങ്ങിയാൽ മികച്ച പോരാട്ടത്തിനായിരിക്കും ഇന്ന് അരങ്ങുയരുക. നായകൻ സഞ്ജു സാംസണിന്റെ പ്രകടനമാണ് രാജസ്ഥാന് പ്രതീക്ഷയേകുന്നത്. എന്നാൽ മുംബൈ ബാറ്റിങ് നിരയെ പരീക്ഷിക്കാൻ പോന്നൊരു ബൗളിങ് നിരയില്ല എന്നത് രാജസ്ഥാന് വെല്ലുവിളിയാണ്.