അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 14 ജൂലൈ 2020 (14:04 IST)
രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാം നിയമകക്ഷി സമ്മേളനവും സച്ചിൻ പൈലറ്റ് ബഹിഷ്‌കരിച്ചു.തന്‍റെയൊപ്പം ഉള്ള 17 എംഎൽഎമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് സച്ചിൻ പൈലറ്റ് തന്റെ പ്രതികരണമറിയിച്ചത്. കോൺഗ്രസ് നേതൃത്വത്തിനോട് പരോക്ഷമായുള്ള വിലപേശലായാണ് ഇത് വിലയിരുത്തുന്നത്.മുഖ്യമന്ത്രിപദം ലഭിക്കുക എന്നതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല. നേരത്തെ പ്രിയങ്കാ ഗാന്ധിയും ചിദംബരവും സച്ചിനുമായി കൂടിക്കാഴ്‌ച്ച നടത്തിയെങ്കിലും സച്ചിൻ വഴങ്ങിയില്ല.ഇതേ തുടർന്നാണ് സച്ചിൻ പൈലറ്റിനെയും
വിശ്വേന്ദ്ര സിംഗിനെയും രമേഷ് മീണയെയും മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്‌തത്.
അതേസമയം സച്ചിൻ പൈലറ്റിൽ നിന്നുള്ള പ്രതികരണം ഇനിയും വരാത്തതിനാൽ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്ന് ബിജെപി വ്യക്തമാക്കി. നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്ന എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നോട്ടീസ് നൽകാനാണ് സാധ്യത.
200 അംഗ
രാജസ്ഥാൻ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 101 ആണ്. 90 കോൺഗ്രസ് എംഎൽഎമാരും മറ്റ് സഖ്യകക്ഷികളിലെ എംഎൽഎമാരുമടക്കം 102 പേരുടെ പിന്തുണ അശോക് ഗെലോട്ടിനുണ്ട്.സച്ചിൻ പൈലറ്റിനൊപ്പം 17 പേരെങ്കിലും പോയി എന്നാണ് കരുതപ്പെടുന്നത്.