അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ജൂലൈ 2020 (11:47 IST)
ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന വാർത്തകൾക്കിടയിൽ താൻ ബിജെപിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്.പുതിയ പാർട്ടിയുണ്ടാക്കാനാണ് ശ്രമമെന്ന് സച്ചിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി.പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
നദ്ദയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ സച്ചിൻ എടുക്കുമെന്നായിരുന്നു മുൻപ് വന്ന വാർത്തകൾ.എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതുമായി യാതൊരു തരത്തിലുള്ള അനുരഞ്ജനത്തിനും സാധ്യത കാണുന്നില്ലെന്നും ഉറപ്പിക്കുന്നതാണ് നിലവിലെ സംഭവങ്ങൾ.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗഹ് ലോതിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.ഇതിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി അറിയിച്ചിരുന്നു. എന്നാൽ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു.